Home » Blog » kerala Mex » 30,000 സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങളുമായി കുടുംബശ്രീ ജില്ലാ മിഷന്‍
images (40)

വനിതകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിച്ച് വികസനത്തിന്റെ പുത്തന്‍പാത തുറക്കുന്ന ഉയരെ ക്യാമ്പയിനിലൂടെ കണ്ണൂര്‍ ജില്ലയിലെ 30,000 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കും. കുടുംബശ്രീ മിഷന്‍ വിജ്ഞാന കേരളത്തിന്റെ സഹകരണത്തോടെയാണ് തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്.

സാന്ത്വന പരിചരണം, നിര്‍മാണ മേഖല, സ്‌കില്‍ അറ്റ് കോള്‍, ഷോപ്പ് അറ്റ് ഡോര്‍, പരമ്പരാഗത ജോലികള്‍ എന്നീ മേഖലകളിലാണ് തൊഴില്‍ നല്‍കുക. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, പെയിന്റര്‍, ഗാര്‍ഡനിംഗ്, ലാന്‍ഡ് സ്‌കേപ്പിംഗ്, ലോണ്‍ട്രി, അയണിംഗ് സര്‍വീസ്, മൊബൈല്‍ കാര്‍വാഷ് തുടങ്ങി വീടുകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ അറ്റകുറ്റപ്പണി – പരിപാലന സേവനങ്ങള്‍ നല്‍കുന്നതാണ് സ്‌കില്‍ അറ്റ് കോള്‍. താല്‍പര്യമുള്ള മേഖലകള്‍ പരിഗണിച്ച് കുടുംബശ്രീയില്‍ എം പാനല്‍ ചെയ്ത സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റുഡ്സെറ്റ് എന്നിവിടങ്ങളില്‍ പരിശീലനം നല്‍കിയ ശേഷമാണ് നിയമനം.

 

സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും തുല്യനീതിയും ഉറപ്പാക്കാന്‍ ഒരുക്കുന്ന സമഗ്രമായ പദ്ധതിയാണ് ‘ഉയരെ. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 20 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തുന്നതോടൊപ്പം സ്ത്രീകളില്‍ സംരംഭകത്വം വളര്‍ത്തുക, ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാക്കുക, വേതനാധിഷ്ഠിത തൊഴിലുകള്‍ക്ക് മുന്‍ഗണന നല്‍കി സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്. ക്യാമ്പയിന്‍ ഏപ്രില്‍ 30 ന് അവസാനിക്കും.

 

സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ആരംഭിച്ച കുടുംബശ്രീ സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌കില്‍ എട്ട് വര്‍ഷം പിന്നിടുമ്പോള്‍ രജിസ്റ്റര്‍ ചെയ്തത് 3500 ലധികം കേസുകളാണ്. ഇതില്‍ 716 പേര്‍ക്ക് താല്‍ക്കാലിക അഭയവും 164 പേരെ വിവിധ കേന്ദ്രങ്ങളിലായി പുനരധിവസിപ്പിച്ചിട്ടുമുണ്ട്. ഈ കാലയളവില്‍ 2900 പേരാണ് കൗണ്‍സിലിംഗ് സേവനത്തിനായി സ്നേഹിതയെ സമീപിച്ചത്. ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി 5000 സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.

 

സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് കണ്ണൂര്‍ തെക്കി ബസാറിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ആറളം ഫാമില്‍ സബ് സെന്ററും ജില്ലയിലെ ഡിവൈഎസ്പി/ എസിപി ഓഫീസുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലും കോളേജുകളിലും സ്നേഹിത ഔട്ട് റീച്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി കൗണ്‍സിലേഴ്സിന്റെ സഹായത്തോടെ ജില്ലയിലെ 33 ബഡ്സ് സ്‌കൂളുകളിലും ബി ആര്‍ സികളിലും മാസത്തില്‍ ഒരു തവണ കൗണ്‍സിലിംഗും സംഘടിപ്പിക്കുന്നുണ്ട്. ഇ മെയില്‍: kannurnsehitha17@gmail.com,

ഫോണ്‍: 0497 2721817, 9188939700, ടോള്‍ ഫ്രീ നമ്പര്‍: 1800 4250717