ആഗോളതലത്തിൽ പ്രായമേറിയവരുടെ എണ്ണം വർദ്ധിക്കുന്നതിലും ജനസംഖ്യ കുറയുന്നതിലും ആശങ്ക പ്രകടിപ്പിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തിരുപ്പതിയിലെ ദേശീയ സംസ്കൃത സർവകലാശാലയിൽ നടന്ന ഭാരതീയ വിജ്ഞാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ പ്രമുഖ സമ്പദ്‌വ്യവസ്ഥകളെല്ലാം ജനസംഖ്യാ ഇടിവ് നേരിടുമ്പോൾ ഇന്ത്യ മാത്രമാണ് ഈ കാര്യത്തിൽ പ്രതീക്ഷ നൽകുന്നതെന്ന് നായിഡു ചൂണ്ടിക്കാട്ടി. ചൈനയിൽ 11 ശതമാനവും അമേരിക്കയിൽ 9.8 ശതമാനവും ജനസംഖ്യ കുറയുമ്പോൾ, ഇന്ത്യയിൽ 14.8 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയുടെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രവാസികളുടെ കരുത്ത് ഇന്ത്യയുടെ മാനുഷിക മൂലധനമാണ് ആഗോളതലത്തിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നത്. ഏകദേശം 5 കോടിയോളം ഇന്ത്യക്കാർ വിദേശത്തുണ്ടെന്നും പല രാജ്യങ്ങളിലും ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ളത് ഇന്ത്യക്കാർക്കാണെന്നും നായിഡു പറഞ്ഞു. അമേരിക്കയിലെ ശരാശരി വരുമാനം 60,000 ഡോളറാണെങ്കിൽ ഇന്ത്യൻ വംശജരുടേത് 1,35,000 ഡോളറാണെന്നും ഇത് ഇന്ത്യയുടെ കരുത്താണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായമാകുന്ന ജനസംഖ്യ രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുമെന്നും അതിനാൽ ജനസംഖ്യാപരമായ നേട്ടം ഇന്ത്യ നിലനിർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
