പുത്തൻ ലുക്കും അത്യാധുനിക ഫീച്ചറുകളുമായി 2026 കിയ സെൽറ്റോസ് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്നു. ജനുവരി 2 മുതൽ ഔദ്യോഗികമായി വിപണിയിലെത്തുന്ന ഈ വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 25,000 രൂപ ടോക്കൺ തുക നൽകി ഉപഭോക്താക്കൾക്ക് ഓൺലൈനായോ ഡീലർഷിപ്പുകൾ വഴിയോ പുതിയ സെൽറ്റോസ് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പഴയ പതിപ്പിനെ അപേക്ഷിച്ച് വലിപ്പത്തിലും സാങ്കേതിക വിദ്യയിലും വൻ അഴിച്ചുപണികളുമായാണ് ഈ രണ്ടാം തലമുറ എസ്‌യുവി വരുന്നത്.
പഴയ സെൽറ്റോസിനെ അപേക്ഷിച്ച് പുതിയ മോഡലിന് നീളവും വീതിയും വർദ്ധിച്ചിട്ടുണ്ട്. 4,460 മി.മീറ്റർ നീളവും 1,830 മി.മീറ്റർ വീതിയുമുള്ള പുതിയ പതിപ്പിന് 80 മി.മീറ്റർ അധിക വീൽബേസ് നൽകിയിരിക്കുന്നതിനാൽ ക്യാബിനുള്ളിൽ കൂടുതൽ സ്ഥലസൗകര്യം ലഭ്യമാകും. ഗ്രൗണ്ട് ക്ലിയറൻസ് 200 മി.മീറ്ററായി ഉയർത്തിയത് മോശം റോഡുകളിലും യാത്ര സുഗമമാക്കും. പുറംമോഡിയിൽ ഫ്യൂച്ചറിസ്റ്റിക് ലുക്ക് നൽകാനായി പുതിയ എൽഇഡി ഡിആർഎല്ലുകൾ, ലംബമായി സ്ഥാപിച്ച ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ എന്നിവയ്‌ക്കൊപ്പം സെഗ്‌മെന്റിൽ തന്നെ ആദ്യമായി മോട്ടോറൈസ്ഡ് ഫ്ലഷ് ഡോർ ഹാൻഡിലുകളും കിയ അവതരിപ്പിക്കുന്നുണ്ട്.
സുരക്ഷാ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങളാണ് 2026 പതിപ്പിലുള്ളത്. സാധാരണയായി കണ്ടുവരുന്ന മുന്നിലെയും പിന്നിലെയും പാർക്കിംഗ് സെൻസറുകൾക്ക് പുറമെ വശങ്ങളിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന സൈഡ് പാർക്കിംഗ് സെൻസറുകളും ഇതിലുണ്ട്. ഉള്ളിലേക്ക് കടന്നാൽ വലിയ ഡിജിറ്റൽ സ്ക്രീനുകളുടെ വിരുന്നാണ് കാണാനാവുക. 12.3 ഇഞ്ചിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അതേ വലിപ്പത്തിലുള്ള ഡ്രൈവർ ഡിസ്‌പ്ലേയും കാലാവസ്ഥാ നിയന്ത്രണങ്ങൾക്കായി മാത്രമുള്ള 5 ഇഞ്ച് പ്രത്യേക ടച്ച് പാനലും ചേരുന്നതോടെ ക്യാബിൻ കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.
