മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽ മിഥുൻ മാനുവൽ തോമസ് ചിത്രം ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ പ്രദർശനത്തിന്റെ 25-ാം ദിവസത്തിലേക്ക് പ്രവേശിക്കുന്നു. മാർച്ച് 19-ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും ഒരുപോലെ വലിയ സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. ബിഗ് ബജറ്റ് എപിക് ഫാൻ്റസി വിഭാഗത്തിൽ എത്തിയ ഈ ചിത്രം റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ ആഗോളതലത്തിൽ ഏകദേശം 119 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 51 കോടിയിലധികം രൂപ സ്വന്തമാക്കിയ പാപ്പനും സംഘവും, വിദേശ വിപണിയിൽ നിന്ന് 60 കോടിയോളവും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് 6 കോടിയിലധികം രൂപയും സമാഹരിച്ച് ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. മലയാളത്തിൽ നൂറ് കോടി ക്ലബിലെത്തുന്ന 14-ാമത്തെ ചിത്രം എന്ന റെക്കോർഡിനൊപ്പം, മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ പത്ത് ചിത്രങ്ങളുടെ പട്ടികയിലേക്കും ആട് 3 നടന്നുകയറുകയാണ്.
ജയസൂര്യയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം എന്ന സവിശേഷത കൂടി ഈ വിജയത്തിനുണ്ട്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും സംയുക്തമായി നിർമ്മിച്ച ചിത്രം ഇരു നിർമ്മാണ കമ്പനികൾക്കും വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെ ആദ്യ നൂറ് കോടി ചിത്രമാണിത്. ജയസൂര്യക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങി വൻ താരനിര തന്നെ അണിനിരന്ന ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്തതാണ് ഇത്രയും വലിയ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. ഷാൻ റഹ്മാന്റെ സംഗീതവും അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മുതൽക്കൂട്ടായി. ഷാജി പാപ്പന്റെയും പിള്ളേരുടെയും ചിരിയും ഫാന്റസിയും നിറഞ്ഞ ഈ ഫൺ റൈഡ് ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.
