Home » Blog » Kerala » 238 മണിക്കൂർ നീണ്ട രഹസ്യവിളികൾ, ദീപാവലി പാർട്ടിയിലെ സൗഹൃദം; പൂനെ കൊലപാതകത്തിന് പിന്നിലെ സിയ-കേതൻ പ്രണയകഥ പുറത്ത്
ketan-680x450

പൂനെയിലെ കേതൻ അഗർവാൾ വധക്കേസിൽ മുഖ്യപ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മത മൊഴി പുറത്തുവന്നു. കുടുംബത്തെ എതിർത്ത് വിവാഹം വേണ്ടെന്നുവെക്കുന്നതിനേക്കാൾ എളുപ്പമായി തോന്നിയത് പ്രതിശ്രുത വരനെ കൊലപ്പെടുത്തുന്നതാണെന്ന് സിയ പൊലീസിനോട് സമ്മതിച്ചു. വിവാഹം സ്വന്തം ഇഷ്ടപ്രകാരം വേണ്ടെന്നുവെച്ചാൽ കുടുംബത്തിന്റെ അന്തസ്സിനും വികാരങ്ങൾക്കും മുറിവേൽക്കുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി വ്യക്തമാക്കുന്നു. ജൂൺ പതിനെട്ടിന് ലോഹഗഡ് കോട്ടയിൽ നിന്ന് വീണ് മരിച്ച കേതനെ, സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത് തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തുകയുണ്ടായി.

 

പൂനെ, ലോണാവാല പൊലീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആറ് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. സിയയുടെ മാതാപിതാക്കളെയും സഹോദരൻ സാഹിൽ ഗോയലിനെയും പൊലീസ് ചോദ്യം ചെയ്തു. സിയയുടെ കാമുകൻ ചേതനെ തനിക്ക് അറിയാമായിരുന്നുവെന്ന് പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സാഹിൽ സമ്മതിച്ചു. കഴിഞ്ഞ വർഷത്തെ ദീപാവലി പാർട്ടിക്ക് ശേഷമാണ് സിയയും ചേതനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ജനുവരി മുതൽ ഇരുവരും രണ്ടായിരത്തിലധികം തവണ സംസാരിച്ചതായും ഏകദേശം ഇരുനൂറ്റി മുപ്പത്തിയെട്ട് മണിക്കൂറോളം ആശയവിനിമയം നടത്തിയതായും വ്യക്തമായിട്ടുണ്ട്. എന്നാൽ ചേതനെ കണ്ടിട്ടില്ലെന്നാണ് സിയയുടെ മാതാപിതാക്കളുടെ വാദം. കൊലപാതകത്തിൽ സിയയുടെയും ചേതന്റെയും പങ്ക് തെളിഞ്ഞിട്ടുണ്ടെന്നും, ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വിവാഹം ഉറപ്പിച്ച ഇടനിലക്കാരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.