Home » Blog » kerala Max » ഇത് പതിവ് തല്ലും പിണക്കവുമുള്ള ചിത്രമല്ല; ലാലേട്ടനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ച് മമ്മൂട്ടി
mm

ലയാള സിനിമയിലെ എക്കാലത്തെയും വലിയ താരസംഗമത്തിന് വേദിയൊരുങ്ങുന്ന മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്‘ റിലീസിനായി തയ്യാറെടുക്കുകയാണ്. നീണ്ട 19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഒരേ സ്ക്രീനിൽ ഒന്നിച്ചെത്തുന്നത്. ചിത്രത്തിന്റെ പ്രസ് മീറ്റിൽ മമ്മൂട്ടി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്.

മറ്റ് ഭാഷാ ചിത്രങ്ങളിലെ പതിവ് മാസ്സ് ശൈലിയല്ല ഈ സിനിമയുടേതെന്ന് മമ്മൂട്ടി വ്യക്തമാക്കി. “ഞങ്ങൾ രണ്ടുപേരും പരസ്പരം വെല്ലുവിളിക്കുകയും തല്ലുകൂടുകയും ഒടുവിൽ കെട്ടിപ്പിടിച്ച് മൂന്നാമതൊരാളെ നേരിടുകയും ചെയ്യുന്ന സ്ഥിരം ഫോർമുലയല്ല ഇതിൽ പിന്തുടരുന്നത്. മറിച്ച്, ഇതിൽ ഞങ്ങൾ രണ്ടുപേരും അവതരിപ്പിക്കുന്നത് തികച്ചും വ്യത്യസ്തവും ശക്തവുമായ രണ്ട് കഥാപാത്രങ്ങളെയാണ്,” മമ്മൂട്ടി പറഞ്ഞു. തനിക്കും മോഹൻലാലിനും ഇതുവരെ ചെയ്യാത്ത തരം വേഷങ്ങളാണ് മഹേഷ് നാരായണൻ ഈ ചിത്രത്തിൽ നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രേക്ഷകരുടെ വളർച്ചയെക്കുറിച്ചും താരം വാചാലനായി. “സിനിമയിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത് പ്രേക്ഷകരാണ്. പണ്ട് ഞങ്ങൾ പ്രേക്ഷകരെ വളർത്തിയെടുത്തു എന്നൊക്കെ പറയാമായിരുന്നു, എന്നാൽ ഇന്ന് കാലം മാറി. നിങ്ങൾ വളർന്നതുകൊണ്ടാണ് ഞങ്ങൾ വളർന്നത്. ഇത്തരത്തിലുള്ള ഗൗരവമേറിയ സിനിമകൾ കാണാൻ മാത്രം മലയാളി പ്രേക്ഷകർ പക്വത കൈവരിച്ചെന്ന ധൈര്യത്തിലാണ് ഞങ്ങൾ ഈ പ്രോജക്റ്റ് ഏറ്റെടുത്തത്. അല്ലാതെ ‘നീയാണോ ഞാനാണോ വലുത്’ എന്ന് മത്സരിക്കാനല്ല ഞങ്ങൾ ഒന്നിക്കുന്നത്,” മമ്മൂട്ടി വ്യക്തമാക്കി.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളും അണിനിരക്കുന്ന പേട്രിയറ്റ് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് നൽകുന്നത്. സ്റ്റാർഡത്തിനും കൊമേഴ്‌സ്യൽ വാല്യൂവിനും അപ്പുറം മികച്ചൊരു ചലച്ചിത്ര അനുഭവം നൽകുക എന്നതാണ് പേട്രിയറ്റിന്റെ ലക്ഷ്യമെന്ന് മമ്മൂട്ടിയുടെ വാക്കുകൾ അടിവരയിടുന്നു.