ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹച്ചടങ്ങിന് തൊട്ടുമുമ്പ് വരൻ ആവശ്യപ്പെട്ട ഭീമമായ സ്ത്രീധനം കേട്ട് ഞെട്ടിയ വധു വിവാഹം വേണ്ടെന്ന് വെച്ചു. വെള്ളിയാഴ്ച (ഡിസംബർ 12) രാത്രി സദർ ബസാറിലെ യുഗ്വീന ലൈബ്രറിക്ക് സമീപം നടന്ന വിവാഹ ചടങ്ങിലായിരുന്നു സംഭവം. വിവാഹത്തലേന്നുള്ള വിരുന്ന് നടക്കുന്നതിനിടെയാണ് വ്യവസായിയായ വരൻ ഋഷഭ് വിവാഹവസ്ത്രങ്ങളണിഞ്ഞ് തേരിലേറി സ്ഥലത്തെത്തിയത്. ചടങ്ങിലെ മുഖ്യ ഇനമായ സപ്തപദിക്ക് തൊട്ടുമുമ്പ് ഋഷഭ് വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടത് ഞെട്ടിക്കുന്നതായിരുന്നു. ബ്രെസ്സ കാറും 20 ലക്ഷം രൂപയും നൽകണം. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിൻമാറുമെന്ന ഭീഷണിനും. വരന്റെ പിതാവ് മുരളി മനോഹർ ഉൾപ്പെടെയുള്ള ബന്ധുക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വാദത്തിൽ ഉറച്ചുനിന്നു.
വരന്റെ ഭീഷണിയും പണത്തോടുള്ള ആർത്തിയും കണ്ടതോടെ വധുവായ ജ്യോതി നിർണായകമായ നിലപാടെടുത്തു. “ഒരു അത്യാഗ്രഹിയെ വിവാഹം കഴിക്കാൻ എനിക്ക് താത്പര്യമില്ല. ഈ വിവാഹവുമായി മുന്നോട്ട് പോകാൻ താൻ ആഗ്രഹിക്കുന്നില്ല” എന്നും വധു തീരുമാനമെടുത്തു. ജ്യോതിയുടെ നിലപാട് വ്യക്തമാക്കിയതോടെ ചടങ്ങുകൾ നിറുത്തിവെച്ചു. ഇതിന് പിന്നാലെ വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളുമായി വാക്കേറ്റമുണ്ടായി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കാന്റോൺമെന്റ് പോലീസ്, വരനായ ഋഷഭ്, പിതാവ് രാം അവതാർ, സഹോദരൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പരാതി ലഭിച്ചതിന് ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് കാന്റോൺമെന്റ് പോലീസ് അറിയിച്ചു
