ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാന വിഷയങ്ങൾ ഉന്നയിച്ചു. മണ്ഡല പുനർനിർണയം, നീറ്റ്, കാവേരി നദീജല തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് വിജയ് സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മഹാബലിപുരത്ത് നടന്ന യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിട്ടുനിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയത്തിന്റെ പേരിൽ പാർലമെന്റിലെ പ്രാതിനിധ്യം കുറയുന്ന സാഹചര്യമുണ്ടാകരുതെന്ന് വിജയ് ആവശ്യപ്പെട്ടു. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ അതിന്റെ പേരിൽ ശിക്ഷിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പാർലമെന്റിലെ നിലവിലെ പ്രാതിനിധ്യം സംരക്ഷിക്കുന്നതിന് കേന്ദ്രം വ്യക്തമായ നിയമപരമായ ഉറപ്പ് നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു.
നീറ്റിനെതിരായ തമിഴ്നാടിന്റെ നിലപാടും വിജയ് യോഗത്തിൽ ആവർത്തിച്ചു. സംസ്ഥാന ക്വാട്ടയിലെ എംബിബിഎസ്, ബിഡിഎസ്, ആയുഷ് സീറ്റുകളിലേക്ക് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കാൻ തമിഴ്നാടിന് അനുമതി നൽകണമെന്നാണ് ആവശ്യം. നീറ്റ് ഗ്രാമീണ മേഖലയിലെയും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെയും വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നുവെന്നും സ്കൂൾ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയുള്ള പ്രവേശന രീതിയാണ് കൂടുതൽ സാമൂഹികനീതിയുള്ളതെന്നും വിജയ് ചൂണ്ടിക്കാട്ടി.
അന്തർസംസ്ഥാന നദീജല തർക്കങ്ങളും യോഗത്തിൽ പ്രധാന വിഷയമായി. കാവേരി, മുല്ലപ്പെരിയാർ വിഷയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധികളും ട്രൈബ്യൂണൽ ഉത്തരവുകളും ബന്ധപ്പെട്ട നിയമപരമായ സംവിധാനങ്ങളും കൃത്യമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാവേരി വിഷയത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നിലപാട് വ്യക്തമാക്കി. കാവേരി ജലപ്രശ്നത്തിന് പരിഹാരം കാണേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം മെക്കേദാട്ടു പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളും മുന്നോട്ടുവച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജലവിഭവവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരസ്പര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.
അതേസമയം, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണവും വിജയ് ഉന്നയിച്ചു. ജിഎസ്ടി നിരക്കുകൾ നിശ്ചയിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവ് നൽകണമെന്നും സാമ്പത്തിക വളർച്ചയ്ക്കും പ്രകടനത്തിനും അനുസരിച്ചുള്ള നീതിയുക്തമായ പരിഗണന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ നിർണായക സംഭാവന നൽകുന്നവയാണെന്നും അവയുടെ സാമ്പത്തിക പ്രാധാന്യത്തിന് അനുസരിച്ചുള്ള രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ടെന്നും വിജയ് പറഞ്ഞു. വ്യവസായം, കയറ്റുമതി, സേവനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിൽ കൂടുതൽ ഏകോപനം വേണമെന്നും വിജയ് ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകളിൽ വേഗത്തിൽ അന്വേഷണം നടത്തി വിചാരണ പൂർത്തിയാക്കുന്നതിനുള്ള പ്രത്യേക അതിവേഗ കോടതികളുടെ സാധ്യതയും യോഗത്തിൽ ചർച്ചയായി.
അതേസമയം, യോഗത്തിന് മുന്നോടിയായി അമിത് ഷായുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചെന്നൈയിലെത്തിയ അമിത് ഷായെ വിജയ് സ്വീകരിക്കുകയും ഇരുവരും ഹ്രസ്വമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടർന്ന് മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ ഇരുവരും പങ്കെടുത്തു.
