Home » Blog » Kerala » മാലിന്യത്തിൽനിന്നും കംപ്രസ്ഡ് ബയോഗ്യാസ്; ഡിസ്ട്രിക്റ്റ് ലെവൽ സിബിജി ഇക്കോസിസ്റ്റം വിജയകരമാക്കി ബിപിസിഎൽ
6
കൊച്ചി: മാലിന്യത്തിൽനിന്നും ഉത്പാദിപ്പിക്കുന്ന ഊർജത്തെ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ആക്കി മാറ്റി വികേന്ദ്രീകൃത ശൃംഖലയിലൂടെ വിതരണം നടത്തുന്ന ‘ഡിസ്ട്രിക്റ്റ് ലെവൽ സിബിജി ഇക്കോസിസ്റ്റം’ വിജയകരമായി പരീക്ഷിച്ച് ബിപിസിഎൽ. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്. ജില്ലയിൽനിന്നും ശേഖരിക്കുന്ന മാലിന്യത്തെ പുനരുപയോഗ ഊർജമാക്കി മാറ്റി ജില്ലയിൽത്തന്നെ ഉപയോഗിക്കുന്ന രീതിയിലാണ് ഇക്കോസിസ്റ്റം പ്രവർത്തിക്കുന്നത്. മാലിന്യ ശേഖരണം മുതൽ സിബിജിയുടെ ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവ ഒരേ മേഖലയിൽ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത. ഗാർഹിക, വാണിജ്യ, ഓട്ടോമൊബൈൽ മേഖലയിലേക്ക് സിബിജി ഇന്ധനം വ്യാപകമാക്കുന്നതിന് സഹായിക്കുന്നതാണ് ബിപിസിഎല്ലിന്റെ പുതിയ സംവിധാനം.
പ്രാദേശിക മാലിന്യത്തെ പ്രാദേശിക ഊർജ ആവശ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഡിസ്ട്രിക്റ്റ് ലെവൽ ഇക്കോസിസ്റ്റം. രാജ്യത്തിനായി കാർബൺ പുറന്തള്ളലില്ലാത്ത നല്ല ഇന്ധനം നൽകുകയെന്ന, വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ബിപിസിഎൽ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി വിജയകരമാകുന്ന പക്ഷം രാജ്യത്തെ വിവിധ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ സിബിജി ഉത്പാദക മേഖലയിൽ പങ്കാളിത്തം നടത്തുന്നതിനും ഉത്പാദന, വിതരണ ശൃംഖലകൾ മുഖേന സിറ്റി ഗ്യാസ് ഡിസ്‌ട്രിബ്യുഷൻ സംവിധാനത്തിലേക്ക് കംപ്രസ്ഡ് ബയോഗ്യാസ് സംയോജിപ്പിക്കുന്നതിനും ബിപിസിഎൽ ശ്രമിക്കുന്നുണ്ട്. നിലവിൽ ബിപിസിഎൽ നേരിട്ട് നടത്തുന്ന സിറ്റി ഗ്യാസ് വിതരണത്തിൽ വാതകമായി ഉപയോഗിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസിന്റെ അളവ് 7 ശതമാനമാണ്. ഉത്പാദക പ്ലാന്റുകളുടെ എണ്ണം വർധിപ്പിക്കുന്നതോടെ കൂടുതൽ സിബിജി വിതരണം ചെയ്യാനാകും. ശുദ്ധ ഊർജ്ജ പരിവർത്തനത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയിലെ നിർണായക ഘട്ടമാണ് സത്‌നാ ജില്ലയിൽ പൂർത്തിയായതെന്ന് ബിപിസിഎൽ അധികൃതർ അറിയിച്ചു.