Home » Blog » kerala Max » പാകിസ്താനെതിരെ തകർപ്പൻ വിജയം; ഹോക്കി ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി ഇന്ത്യ
hockey-world-cup-jpg

ആംസ്റ്റൽവീൻ: ഹോക്കി ലോകകപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ രണ്ടാം റൗണ്ടിൽ. പൂൾ ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യ 5-3നാണ് പാകിസ്താനെ തോൽപ്പിച്ചത്. ഇതോടെ പൂൾ ഡിയിൽനിന്ന് ഇംഗ്ലണ്ടും ഇന്ത്യയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പാകിസ്താനും വെയ്ൽസും പുറത്തായി.

ഹർമൻപ്രീത് സിങ്ങും അഭിഷേകും ഇന്ത്യക്കായി ഇരട്ട ഗോൾ നേടി. ഹാർദിക് സിങ്ങും ലക്ഷ്യംകണ്ടു. മറുവശത്ത് പാകിസ്താന്റെ ഹനാൻ ഷാഹിദ് രണ്ടുതവണ ലക്ഷ്യംകണ്ടു. സൂഫിയൻ ഖാന്റെ വകയായിരുന്നു ഒരു ഗോൾ.

കളി തുടങ്ങി അഞ്ചാം മിനിറ്റിൽത്തന്നെ പെനാൽറ്റി കോർണറിൽനിന്ന് ഹർമൻപ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. ആറ് മിനിറ്റിനുശേഷം അഭിഷേക് ലീഡ് രണ്ടാക്കി. അടുത്തതും ഹർമൻപ്രീതിന്റെ ഊഴമായിരുന്നു. 21-ാം മിനിറ്റിൽ കോർണറിൽനിന്ന് ലക്ഷ്യംകണ്ടതോടെ ഇന്ത്യ 3-0 ന് മുന്നിലെത്തി. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ഹനാൻ ഷാഹിദിലൂടെ പാകിസ്‌കാൻ തിരിച്ചടിച്ചു. സ്‌കോർ 3-1. രണ്ട് മിനിറ്റിനുശേഷം അഭിഷേക് വീണ്ടും ലക്ഷ്യംകണ്ടതോടെ ഇന്ത്യ 4-1ന്റെ ലീഡെടുത്തു.

അതേമിനിറ്റിൽ പെനാൽറ്റി കോർണറിൽനിന്ന് സൂഫിയൻ ഖാൻ തിരിച്ചടിച്ചു. സ്‌കോർ 4-2. 34-ാം മിനിറ്റിൽ ഹാർദിക് സിങ്ങിലൂടെ ഇന്ത്യ ലീഡുയർത്തി. സ്‌കോർ 5-2 ആയി. 46-ാം മിനിറ്റിലായിരുന്നു പാകിസ്താന്റെ മൂന്നാം ഗോൾ. ഹനാൻ ഷാഹിദിന്റെ രണ്ടാം ഗോൾ.പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ വെയ്ൽസിനെ 3-1ന് തോൽപ്പിച്ചിരുന്ന ഇന്ത്യ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് 4-2ന് തോറ്റിരുന്നു. അതേസമയം, പാകിസ്താൻ ഇംഗ്ലണ്ടിനോട് 4-1ന് തോറ്റപ്പോൾ വെയ്ൽസുമായി 3-3ന് സമനിലയിൽ പിരിഞ്ഞു. പൂൾ ഡിയിൽനിന്ന് മൂന്ന് മത്സരങ്ങളും വിജയിച്ച് ഒമ്പത് പോയിന്റുമായി ഇംഗ്ലണ്ട് നേരത്തെതന്നെ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ആറ് പോയിന്റുമായാണ് ഇന്ത്യയുടെ കുതിപ്പ്. പാകിസ്താൻ ഒരൊറ്റ പോയിന്റിൽ ഒതുങ്ങി.