സി.എം.ആർ.എൽ.-എക്സാലോജിക് കേസിൽ വിവാദങ്ങൾ പുതിയ വഴിതിരിവിലേക്ക്. കേസിൽ ആരോപണ വിധേയയായ ടി. വീണയ്ക്ക് പങ്കാളിത്തമുള്ള രണ്ടാമത്തെ കമ്പനിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയ ‘ലേക്കർ ഇന്ത്യ കോർപ്പറേഷൻ’ എന്ന സ്ഥാപനത്തിന്റെ യഥാർത്ഥ അവസ്ഥ കണ്ട് അമ്പരന്നിരിക്കുകയാണ് അന്വേഷണ സംഘവും പൊതുജനങ്ങളും. കോഴിക്കോട് പന്തീരാങ്കാവ് പൂളേങ്കര അങ്ങാടിയിലെ ഒരു കെട്ടിടത്തിലാണ് ഈ കമ്പനിയുടെ പേരിൽ മേൽവിലാസമുള്ളത്. എന്നാൽ ബൈത്തുൽ മുബാറക് ബിൽഡിങ് എന്ന കെട്ടിടത്തിലെ ഒന്നാംനിലയിലുള്ള ഒരു മുറിയുടെ ചുമരിൽ ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന് കടലാസിൽ പ്രിന്റ് ചെയ്ത് ഒട്ടിച്ചിരിക്കുന്നത് മാത്രമാണ് ആകെ കണ്ടെത്താനായിട്ടുള്ളത്. ജി.എസ്.ടി നമ്പറും ഇതിൽ കാണിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ വാടക കൃത്യമായി നൽകുന്നുണ്ടെങ്കിലും ഇവിടെ യഥാർത്ഥത്തിൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ല. കോഴിക്കോട്ടെ ഒരു ഡോക്ടറാണ് മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയാണെന്ന് പറഞ്ഞ് ഈ കെട്ടിടം വാടകയ്ക്കെടുത്തിരുന്നത്. എന്നാൽ സ്ഥാപനം തുടങ്ങിയ അന്നുമുതൽ ചുമരിൽ കടലാസിൽ പതിച്ച ആ പേര് മാത്രമാണ് ഈ ഓഫീസിന്റെ ആകെ ആസ്തിയെന്നതാണ് കൗതുകകരമായ കാര്യം. ഇതിനിടയിൽ, രജിസ്ട്രാർ ഓഫ് കമ്പനീസിൽ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും ലഭ്യമല്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
മുമ്പ് പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ വീണയുടെ ആസ്തികളുടെ കൂട്ടത്തിൽ ലേക്കർ ഇന്ത്യ കോർപ്പറേഷനും ഉൾപ്പെടുത്തിയിരുന്നു. പത്തു ലക്ഷം രൂപയാണ് ലേക്കർ ഇന്ത്യയിൽ വീണയുടെ ആസ്തിയായി അതിൽ കാണിച്ചിരുന്നത്. എന്നാൽ നിലവിൽ സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 15,57,414 രൂപ കഴിഞ്ഞമാസം ഇ.ഡി. മരവിപ്പിച്ചിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് വീണയ്ക്ക് ഇങ്ങനെ ഒരു കമ്പനി കൂടിയുണ്ടെന്ന വിവരം പുറംലോകം അറിയുന്നത്.
