ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിലെത്തിയതായിരുന്നു വി.ഡി. സതീശൻ. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തോടൊപ്പമുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗത്തിനും തുടക്കമായി. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല പങ്കിടൽ, സ്ത്രീസുരക്ഷ, പ്രധാനമന്ത്രി ഗ്രാമീണ ഭവനപദ്ധതിയുടെ നടത്തിപ്പ്, വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ പ്രധാനമായും ചർച്ചയാകും. ചെന്നൈയ്ക്കടുത്ത് കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്.
1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് മേഖലാ കൗൺസിലുകൾ രൂപീകരിച്ചത്. മേഖലാ കൗൺസിലുകളുടെ ചെയർമാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. അംഗസംസ്ഥാനങ്ങൾ മാറിമാറിയാണ് വൈസ് ചെയർമാൻ, സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യെ സതേൺ സോണൽ കൗൺസിലിന്റെ വൈസ് ചെയർമാനായും തമിഴ്നാട് ചീഫ് സെക്രട്ടറി സായികുമാറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്. 30-ാമത് സതേൺ സോണൽ കൗൺസിൽ സമ്മേളനം 2022ൽ തിരുവനന്തപുരത്താണ് നടന്നത്.
പൊതുവായ വിഷയങ്ങളിൽ സർക്കാരുകൾക്ക് ഉപദേശങ്ങൾ നൽകാനുള്ള അധികാരമാണ് കൗൺസിലിനുള്ളത്. എങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനത്തിനും പൊതുവായ പ്രശ്നങ്ങളിൽ സംയുക്ത നിലപാട് രൂപപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദിയായി സതേൺ സോണൽ കൗൺസിൽ യോഗം മാറാറുണ്ട്.
വ്യാഴാഴ്ച രാവിലെ മന്ത്രിതല സമ്മേളനവും ഉച്ചയ്ക്കുശേഷം ഉദ്യോഗസ്ഥതല യോഗവും നടക്കും. ഇതിനിടെ കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാർ തമ്മിൽ നേരിട്ടുള്ള ചർച്ചയ്ക്കും സാധ്യതയുണ്ട്. യോഗം പൂർത്തിയാക്കിയ ശേഷം മഹാബലിപുരത്തെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങുക.
