ഷോപ്പിംഗ് പ്രേമികളുടെ ഇഷ്ടദിനമായ ബ്ലാക്ക് ഫ്രൈഡേ 2025 ഈ വർഷം നവംബർ 28-ന് എത്തുന്നു. മാസങ്ങളായി വിഷ്ലിസ്റ്റുകളിൽ ഇടം നേടിയ ഉൽപ്പന്നങ്ങൾക്ക് അവിശ്വസനീയമായ ഡീലുകൾ നേടാൻ കാത്തിരിക്കുന്ന ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഈ ദിനം ഒരുത്സവമാണ്. അമേരിക്കയിൽ നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച ആഘോഷിക്കുന്ന താങ്ക്സ്ഗിവിങ്ങിന് ശേഷമുള്ള വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ ആചരിക്കുന്നത്. ഈ വർഷം നവംബർ 27-നാണ് താങ്ക്സ്ഗിവിംഗ്, അതിനാൽ നവംബർ 28-ന് വിൽപ്പനയുടെ പെരുമഴയെത്തും.
ബ്ലാക്ക് ഫ്രൈഡേ എന്നത് ഇപ്പോൾ അമേരിക്കയിലെ ഒരു ആഘോഷം മാത്രമല്ല, ലോകമെമ്പാടുമുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് ലാഭം വർദ്ധിപ്പിക്കാനുള്ള നിർണ്ണായക അവസരം കൂടിയാണ്.
“ബ്ലാക്ക് ഫ്രൈഡേ” എന്ന പദത്തിൻ്റെ ഉത്ഭവം 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. അന്ന് അത് ഷോപ്പിംഗുമായിട്ടല്ല, മറിച്ച് കുഴപ്പങ്ങളുമായി ബന്ധപ്പെട്ടിരുന്നു. താങ്ക്സ്ഗിവിംഗിന് ശേഷം അവധിക്കാല ഷോപ്പിംഗിനും വാർഷിക ആർമി-നേവി ഫുട്ബോൾ ഗെയിമിനുമായി ഫിലാഡൽഫിയ നഗരത്തിലേക്ക് വലിയ ജനക്കൂട്ടം ഒഴുകിയെത്തുമായിരുന്നു. അമിതമായ ഗതാഗതക്കുരുക്ക്, തിരക്കേറിയ തെരുവുകൾ, പോലീസ് സേനയ്ക്കുമേലുള്ള സമ്മർദ്ദം എന്നിവ കാരണം ഉദ്യോഗസ്ഥർ ഈ ദിവസത്തെ “ബ്ലാക്ക് ഫ്രൈഡേ” എന്ന് വിളിക്കാൻ തുടങ്ങി. പിന്നീട്, ചില്ലറ വ്യാപാരികൾ ഈ പദം സ്വീകരിക്കുകയും അതിന് കൂടുതൽ പോസിറ്റീവായ അർത്ഥം നൽകി വിൽപ്പനയുടെ ദിവസമായി മാറ്റുകയും ചെയ്തു.
കമ്പനികളെ സംബന്ധിച്ചിടത്തോളം, ബ്ലാക്ക് ഫ്രൈഡേ എന്നത് ലാഭം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നിർണായക അവസരമാണ്.
ഈ സമയത്തെ വലിയ കിഴിവുകൾ കമ്പനികളുടെ വാർഷിക വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്നു. ചില്ലറ വ്യാപാരികൾ അവരുടെ പഴയ സ്റ്റോക്ക് തീർക്കാൻ ഈ ദിവസം ഉപയോഗിക്കുന്നു. പ്രത്യേക ഡീലുകൾ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും സഹായിക്കുന്നു.
ഓൺലൈൻ ഷോപ്പിംഗിൻ്റെ വർദ്ധനവ് ബ്ലാക്ക് ഫ്രൈഡേ ഡീലുകൾ ഒരു ആഴ്ച മുഴുവൻ നീളുന്ന പ്രതിഭാസമാക്കി മാറ്റി. പ്രധാന ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വിൽപ്പന തീയതികൾ ഇതാ..
| പ്ലാറ്റ്ഫോം | വിൽപ്പന തീയതി | പ്രധാന കിഴിവുകൾ |
|---|---|---|
| ആമസോൺ | നവംബർ 28 ന് ആരംഭിക്കും | ഫാഷൻ, സൗന്ദര്യ ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ്. |
| ഫ്ലിപ്കാർട്ട് | നവംബർ 23 മുതൽ 28 വരെ | ഫാഷൻ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 50-70% കിഴിവ്. |
| അജിയോ (Ajio) | നവംബർ 28 ന് ആരംഭിക്കും | ഫാഷൻ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞത് 50% കിഴിവ്. |
| മിന്ത്ര (Myntra) | നവംബർ 27 മുതൽ ആരംഭിക്കും | പ്ലാറ്റ്ഫോമിലെ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞത് 40% കിഴിവ്. |
| നൈക (Nykaa) | നവംബർ 21 മുതൽ 27 വരെ | “പിങ്ക് ഫ്രൈഡേ” വിൽപ്പനയിൽ ഉയർന്ന നിലവാരമുള്ള സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്ക് വൻ കിഴിവുകൾ. |
| ടാറ്റ ക്ലിക്ക് (Tata CLiQ) | നവംബർ 25 മുതൽ 30 വരെ | വീട്, ഫാഷൻ, സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് 85% വരെ കിഴിവ് |
