ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായതോടെ വിരാട് കോഹ്‌ലിക്ക് കരിയറിൽ ഒരു നാണക്കേടിന്റെ റെക്കോർഡ്. തുടർച്ചയായി രണ്ട് ഏകദിന മത്സരങ്ങളിൽ റൺസെടുക്കാതെ പുറത്താകുന്ന ആദ്യ സന്ദർഭമാണിത്. 17 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലാണ് ഈ അപ്രതീക്ഷിത തിരിച്ചടി.
ഇന്ന് അഡ്‌ലെയ്ഡിൽ നാല് പന്തുകൾ നേരിട്ട കോഹ്‌ലിയെ ഓസീസ് പേസർ സേവിയർ ബാർട്ട്ലെറ്റ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ എട്ട് പന്തുകൾ നേരിട്ട് മിച്ചൽ സ്റ്റാർക്കിന് ക്യാച്ച് നൽകിയാണ് കോഹ്‌ലി പൂജ്യത്തിന് പുറത്തായത്.
രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ള അഡ്‌ലെയ്ഡ് ഓവലിൽ ഇത്തവണ അക്കൗണ്ട് തുറക്കാൻ പോലും സാധിക്കാതെ പോയത് കോഹ്‌ലിയെ സംബന്ധിച്ച് കറുത്ത ദിനമായി. 2015-ൽ പാകിസ്ഥാനെതിരെ 107 റൺസും 2019-ൽ ഓസ്ട്രേലിയക്കെതിരെ 104 റൺസും കോഹ്‌ലി ഇവിടെ നേടിയിരുന്നു.
അതേസമയം ഏകദിന കരിയറില്‍ കോഹ്‌ലിയുടെ പതിനെട്ടാമത്തെ ഡക്കാണ് ഇന്ന് ഓസ്ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ കുറിച്ചത്. ഇതോടെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ബാറ്റര്‍മാരിൽ കോഹ്‌ലി മൂന്നാം സ്ഥാനത്തായി. 463 മത്സരങ്ങളില്‍ 20 തവണ പൂജ്യത്തിന് പുറത്തായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 229 മത്സരങ്ങളില്‍ 19 തവണ പൂജ്യത്തിന് പുറത്തായ ജവഗല്‍ ശ്രീനാഥുമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.
