രാജസ്ഥാനിൽ നിന്നുള്ള 26 വയസ്സുള്ള ഒരു യുവാവിൻ്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രതിമാസം 1.3 ലക്ഷം രൂപ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോംസ്റ്റേ ബിസിനസ്സിലേക്ക് ഇറങ്ങിയ അദ്ദേഹം, ഒരു വർഷം കൊണ്ട് പ്രതിമാസ വരുമാനം 2.5 ലക്ഷം രൂപയായി ഉയർത്തിയെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. യാത്രാ സ്വപ്നങ്ങളും സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാനുള്ള ആഗ്രഹവുമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിൽ. ആദ്യമാസങ്ങളിലെ ഭയവും വെല്ലുവിളികളും മറികടന്നുള്ള അദ്ദേഹത്തിൻ്റെ വിജയം പലർക്കും പ്രചോദനമാകുമ്പോൾ, ഇതിൻ്റെ യാഥാർത്ഥ്യത്തെക്കുറിച്ച് ഇന്റർനെറ്റിൽ സംശയങ്ങളും ചർച്ചകളും സജീവമാണ്.
കൃത്യമായ പ്ലാനുകളില്ലാതെയാണ് യുവാവ് കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചത്. സ്വന്തമായി എന്തെങ്കിലും നിർമ്മിക്കാനും കൂടുതൽ യാത്ര ചെയ്യാനുമുള്ള സ്വപ്നമാണ് ഒരു വർഷം മുമ്പ് പ്രതിമാസം 1.3 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിക്കാൻ കാരണം. ആദ്യത്തെ കുറച്ച് മാസങ്ങൾ സംശയവും ആത്മവിശ്വാസക്കുറവും ക്രമരഹിതമായ വരുമാനവും നിറഞ്ഞതായിരുന്നുവെന്ന് യുവാവ് സമ്മതിക്കുന്നു. സത്യത്തിൽ ചില സമയങ്ങളിൽ ഇത് ‘വളരെ ഭയാനകമായിരുന്നു’. ഒറ്റരാത്രികൊണ്ടുള്ള വിജയമായിരുന്നില്ല ഇത്. ഒരു വർഷത്തെ പഠനം, സമ്പാദ്യം, ക്ഷമ, കഠിനാധ്വാനം എന്നിവയാണ് ബിസിനസ് വളർത്താൻ സഹായിച്ചത്.
ഒരു വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ബിസിനസ് വളർന്നു. ഈ മാസം Airbnb ബുക്കിംഗിലൂടെ മാത്രം 2.18 ലക്ഷം രൂപയാണ് അദ്ദേഹം നേടിയത്. മൊത്തം പ്രതിമാസ വരുമാനം 2.5 ലക്ഷം രൂപ കവിഞ്ഞു. ഇത് അദ്ദേഹത്തിൻ്റെ പഴയ കോർപ്പറേറ്റ് ജോലിയേക്കാൾ (1.3 ലക്ഷം രൂപ) ഇരട്ടിയിലധികമാണ്. തനിക്ക് പ്രചോദനമായത് ഇതുപോലുള്ള വിജയകഥകളാണെന്നും, ഈ നേട്ടം മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും അദ്ദേഹം റെഡ്ഡിറ്റിൽ കുറിച്ചു.
വരുമാനത്തിൻ്റെ വിശദാംശങ്ങൾ പങ്കുവെച്ചതോടെ ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിക്ഷേപത്തെക്കുറിച്ചും നടത്തിപ്പ് ചെലവുകളെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചു. ഇതിന് മറുപടിയായി യുവാവ് കണക്കുകൾ പങ്കുവെക്കുക വരെയുണ്ടായി.
കാര്യങ്ങൾ സ്ഥിരത കൈവരിക്കാൻ ഏകദേശം എട്ട് മുതൽ പത്ത് മാസം വരെ എടുത്തു. ജൂലൈ മാസം മുതൽ ഒരു ലക്ഷത്തിലധികം സ്ഥിരമായി ലഭിക്കുന്നുണ്ട് എന്നാണ് യുവാവിന്റെ തുറന്നു പറച്ചിൽ.
