വാഷിംഗ്ടൺ: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം ഇറാൻ തടഞ്ഞാൽ 20 ശതമാനം കൂടുതൽ ശേഷിയോടെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ട്രംപ്. യുദ്ധം ഉടൻ അവസാനിക്കും. ഇത് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന ചൈന അടക്കമുള്ള രാജ്യങ്ങൾക്കുള്ള സമ്മാനമാണ്. ഒരുപാട് കയ്യടി കിട്ടാൻ പോകുന്ന നീക്കമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇറാനിലെ യുദ്ധം പെട്ടെന്ന് തീരുമെന്നും ഡോണൾഡ് ട്രംപ് പറയുകയുണ്ടായി.
ഇതേതുടർന്ന് ക്രൂഡ് ഓയിൽ വിലകൂപ്പുകുത്തി. ഇന്നലെ ബാരലിന് 120 ഡോളറിന് തൊട്ടടുത്തെത്തിയ ക്രൂഡ് ഓയില്‍ നിലവിൽ 90 ഡോളറിന് താഴെയാണ്. ബ്രെന്‍റ് ക്രൂഡ് 89 ഡോളറിലും ഡബ്ല്യൂടിഐ 86 ഡോളറിലുമെത്തി. എന്നാൽ യുഎഇയുടെ മർബൻ ക്രൂഡ് 110 ഡോളറിൽ തന്നെയാണ്. പാചക വാതക വിലയും ഇടിഞ്ഞിട്ടുണ്ട്.
