Home » Blog » Kerala » ഹൈദരാബാദ് ബോളർമാർക്ക് വേഗതയില്ല, ടീം സെലക്ഷൻ മോശം; രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ
images - 2026-03-30T174126.621

ഐപിഎൽ 2026-ലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബോളിങ് നിരയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. ഹൈദരാബാദിന്റെ ബോളിങ് ലൈനപ്പ് വളരെ മോശമാണെന്നും ഇത്രയും ദുർബലമായ നിരയെ വെച്ച് ടീം എങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു. നിതീഷ് കുമാർ റെഡ്ഡിയെക്കൊണ്ട് ബോളിങ് ഓപ്പൺ ചെയ്യിച്ച നീക്കത്തിന് പിന്നിലെ ലോജിക് മനസ്സിലാകുന്നില്ലെന്നും ശ്രീകാന്ത് തുറന്നടിച്ചു.

 

നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 202 റൺസ് എന്ന മികച്ച സ്കോർ ഉയർത്തിയെങ്കിലും ബോളർമാരുടെ മോശം പ്രകടനം തിരിച്ചടിയായി. പാറ്റ് കമ്മിൻസ് തിരിച്ചെത്തിയാൽ പോലും ഹൈദരാബാദിന്റെ ബോളിങ് ദുർബലമായിരിക്കുമെന്നും ബോളർമാർക്ക് ഒട്ടും വേഗതയില്ലെന്നും ശ്രീകാന്ത് നിരീക്ഷിച്ചു. ഡേവിഡ് പെയ്ൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും മറ്റ് ബോളർമാരെ ആർസിബി ബാറ്റർമാർ അടിച്ചൊതുക്കുകയായിരുന്നു.

 

ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് മത്സരത്തിൽ ആർസിബി സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയർത്തിയ വലിയ വിജയലക്ഷ്യം വെറും 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ കോഹ്‌ലിപ്പട മറികടന്നു. ആർസിബിക്കായി വിരാട് കോഹ്‌ലിയും (38 പന്തിൽ 69) മലയാളി താരം ദേവ്ദത്ത് പടിക്കലും (26 പന്തിൽ 61) അർദ്ധ സെഞ്ചുറികൾ നേടി തിളങ്ങി. ഹൈദരാബാദ് ബോളർമാരുടെ പോരായ്മകൾ കൃത്യമായി മുതലെടുത്തായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പ്.