Home » Blog » Kerala » ഹംഗറിയിൽ വിക്ടർ ഓർബൻ യുഗത്തിന് അന്ത്യം, പീറ്റർ മഗ്യാർ അധികാരത്തിലേക്ക്
17

ബുഡാപെസ്റ്റ്: ഹംഗറിയിൽ 16 വർഷമായി ഭരിക്കുന്ന തീവ്ര ദേശീയവാദി വിക്ടർ ഓർബൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക നേതാവായ പീറ്റർ മഗ്യാറിനോട് പരാജയം സമ്മതിച്ചു. ഏകദേശം 67 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, ആകെയുള്ള 199 സീറ്റുകളിൽ 137 സീറ്റുകൾ മഗ്യാറിന്റെ പാർട്ടി നേടുമെന്നാണ് ഔദ്യോഗിക ഫലങ്ങൾ. യൂറോപ്പും അമേരിക്കയും ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്.

യൂറോപ്യൻ യൂണിയന്റെ നയങ്ങളെ എതിർക്കുകയും, റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന വിക്ടർ‌ ഓർബനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണമല്ലെങ്കിലും വ്യക്തമാണെന്ന് വിക്ടർ ഓർബൻ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വേദനാജനകമാണെങ്കിലും തർക്കമില്ലാത്തതാണ്. ഭരിക്കാനുള്ള ഉത്തരവാദിത്തവും അവസരവും തങ്ങൾക്ക് ലഭിച്ചില്ലെന്നും, വിജയിച്ച പാർട്ടിയെ താൻ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. അതേസമയയം, പീറ്റർ മഗ്യാർ, വിക്ടർ ഓർബൻ തന്നെ വിളിച്ച് വിജയാശംസ അറിയിച്ചതായി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.