മനുഷ്യസമൂഹത്തിന്റെ ആരോഗ്യകരമായ ഭക്ഷണത്തിനാവശ്യമായ 95 ശതമാനം വസ്തുക്കളും കൃഷിയിൽ നിന്നായതുകൊണ്ടും നല്ല ഭക്ഷണം പ്രധാനം ചെയ്യുകയെന്ന ഉദ്ദേശത്തോടുകൂടിയും സംസ്ഥാനത്ത് 23500 കൃഷി കൂട്ടങ്ങൾ സർക്കാർ സഹായത്താൽ നിർമ്മിക്കാനായെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ്, കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷൻ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തിന്റെ ആരോഗ്യം കണക്കാക്കേണ്ടത് ആശുപത്രി കെട്ടിടത്തിന്റെ എണ്ണമനുസരിച്ചല്ലെന്നും കൃഷി ചെയ്യുന്ന വയലുകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും മന്ത്രി പറഞ്ഞു. പഴയകാല കൃഷി രീതിയുടെ ശാസ്ത്രീയമായ പുനരാവിഷ്കരണമായ പ്രകൃതി കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും മനുഷ്യനെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ചുവടുവെപ്പാണ് വിഷരഹിതമായ പ്രകൃതി കൃഷി. അതുകൊണ്ട് മണ്ണിന്റെ ആരോഗ്യം വീണ്ടെടുത്ത് നിലനിർത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. കാർഷികവിളകൾക്ക് വില വർദ്ധിക്കണമെങ്കിൽ അവ മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റണം. സംസ്ഥാനത്തെ കർഷകരുടെ ഉത്പന്നങ്ങൾ മൂല്യ വർദ്ധിതമാക്കി ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ ആവിഷ്കരിച്ച കേരള ഗ്രോ ബ്രാന്റിന് 15 സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി കൂട്ടി ചേർത്തു.
191 ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ശില്പശാലയിൽ പ്രകൃതി കൃഷി അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ സ്റ്റേറ്റ് സീഡ് ഫാം ആലത്തൂർ സീനിയർ കൃഷി ഓഫീസർ എം.വി. രശ്മി, കേരള കാർഷിക കോളേജ് വെള്ളായണി പ്രൊഫസർ ഡോ.ബി. അപർണ്ണ, ഐ.എഫ്.എസ്.ആർ.എസ് കരമന അസോസിയേറ്റ് പ്രൊഫസർ ഡോ. ജെ.എസ്. ബിന്ദു എന്നിവർ പരിശീലനം നൽകി.
കിലയിൽ നടന്ന ചടങ്ങിൽ കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷൻ ചെയർമാൻ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ നിംബ ഫ്രാങ്കോ, പ്രൊജക്റ്റ് ഡയറക്ടർ (ആത്മ) മീന മാത്യൂ, തിരുവനന്തപുരം ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലിസി മോൾ ജെ വടക്കൂട്ട്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
