മുളക്കുഴയിലെ മത്സ്യഫെഡ് മൂല്യവർധിത ഉത്പാദനകേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ചെങ്ങന്നൂർ മണ്ഡലത്തിൽ പത്ത് ഏക്കർ സ്ഥലത്ത് വിപുലമായ വ്യവസായ കേന്ദ്രം നിർമ്മിക്കുമെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ മുളക്കുഴയിൽ നിർമ്മിച്ച മത്സ്യഫെഡ് മൂല്യവർധിത ഉത്പാദനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി വലിയ നഷ്ടത്തിലായിരുന്ന മത്സ്യഫെഡ് ഇപ്പോൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ഉദ്ഘാടനം ചെയ്ത മൂല്യവർധിത ഉല്പാദന കേന്ദ്രത്തിൽ ആദ്യ ഘട്ടത്തിൽ 25 പേർക്ക് തൊഴിൽ നൽകുമെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂരിൽ മുളക്കുഴ താഴാംഭാഗം പ്രദേശത്തുള്ള മത്സ്യഫെഡ് മത്സ്യ സംഭരണ കേന്ദ്രത്തിലാണ് 5.20 കോടി രൂപ ചെലവിൽ നിർമിച്ച മത്സ്യഫെഡിൻ്റെ മൂല്യവർദ്ധിത ഉല്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സെൻട്രൽ ട്യൂബർ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് കേന്ദ്രത്തിന് സാങ്കേതിക പിന്തുണ നൽക്കുന്നത്. ശുചീകരിച്ച, തണുപ്പിച്ച മത്സ്യം, ഫ്രോസൺ ഫില്ലറ്റുകൾ, പിക്കിളുകൾ, റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കൊപ്പം മരച്ചീനിയിൽ നിന്നുള്ള വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയും. പ്രദേശവാസികൾക്ക് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉദ്ഘാടന ചടങ്ങിൽ മത്സ്യഫെഡ് ചെയർപേഴ്സൺ റ്റി മനോഹരൻ അധ്യക്ഷനായി. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മനു, വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. നിതിൻ ചെറിയാൻ റെജി, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണിക സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റ്റി അനു, ബ്ലോക്ക് പഞ്ചായത്തംഗം രാജശ്രീ, സ്വാഗതസംഘം ചെയർപേഴ്സൺ പുഷ്പാ വർഗീസ്, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. പി സഹദേവൻ, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി എസ് ബാബു, രാജേഷ് സെബാസ്റ്റ്യൻ, മത്സ്യഫെഡ് ജനറൽ മാനേജർ സി ആർ രാംകുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
