Home » Blog » Kerala » “സർക്കാർ ഏറ്റെടുക്ക്; കിലോമീറ്ററിന് 55 രൂപ നൽകിയാൽ ചെലവുകൾ ഉടമകൾ വഹിക്കാം; നിലവിൽ ഒരു ബസിന് പ്രതിമാസം 90,000 രൂപയുടെ നഷ്ടം” – പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
11

കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സൗജന്യയാത്ര പദ്ധതി ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ബസുടമകൾ. ഒരു സ്വകാര്യ ബസിന് പ്രതിദിനം 3,000 രൂപ വരെ വരുമാനം കുറഞ്ഞതായും, ഇത് പ്രതിമാസം 90,000 രൂപയുടെ നഷ്ടത്തിന് തുല്യമാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹിയും ബസുടമയുമായ കെ.എസ്. ജയകൃഷ്ണൻ നായർ പറഞ്ഞു. കോവിഡിന് മുമ്പ് സംസ്ഥാനത്ത് 33,000 സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നുവെന്നും ഇപ്പോൾ അത് ഏകദേശം 12,000 ആയി കുറഞ്ഞതും മേഖലയിലെ പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നതിനെ എതിർക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ബസുടമകൾ, സ്വകാര്യ ബസുകൾക്കും സർക്കാർ പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടു. മുഴുവൻ സ്വകാര്യ ബസുകളും സർക്കാരിന് കീഴിൽ ഓടിക്കാൻ തയ്യാറാണെന്നും, കിലോമീറ്ററിന് 55 രൂപ നൽകിയാൽ ഡീസൽ, അറ്റകുറ്റപ്പണി, ഡ്രൈവർ ശമ്പളം തുടങ്ങിയ ചെലവുകൾ ഉടമകൾ തന്നെ വഹിക്കാമെന്നും അവർ നിർദേശിക്കുന്നു. കണ്ടക്ടറുടെ ശമ്പളം സർക്കാർ വഹിച്ച് ശേഷിക്കുന്ന വരുമാനം ഖജനാവിലേക്ക് എടുക്കാമെന്നും നിർദേശത്തിലുണ്ട്. യാത്രക്കാർ ഏറ്റവും കൂടുതലുള്ള രാവിലെ 10 മണിവരെയും വൈകിട്ട് 4 മണിക്ക് ശേഷവും സൗജന്യയാത്ര ഒഴിവാക്കണമെന്നും ബസുടമകൾ നിർദേശിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ മുൻ ഗതാഗത കമ്മീഷണർ കെ. പത്മകുമാർ അധ്യക്ഷനായ വിദഗ്ധ സമിതിക്ക് സമർപ്പിച്ചതായും സംഘടന അറിയിച്ചു.