Home » Blog » Kerala » സർക്കാരിന്റെ ന്യൂനപക്ഷ നയം ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലം കൊണ്ട് അളക്കാനാകില്ല: മുഖ്യമന്ത്രി
pinarayivijayan

ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേർത്തുപിടിക്കുന്നത് ഇടതുപക്ഷത്തിന്റെ നയമാണെന്നും അത് ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലം കൊണ്ട് അളക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്തയുടെ വേദിയിൽ സംസാരിക്കവെയാണ്, ന്യൂനപക്ഷ സംരക്ഷണം തന്റെ സർക്കാർ തുടരുമെന്ന ഉറപ്പ് അദ്ദേഹം ആവർത്തിച്ചത്. രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശവും നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അതിക്രമങ്ങൾ കേവലം ഒരു സമുദായത്തിന് നേരെയുള്ളതല്ല, മറിച്ച് രാജ്യത്തിന്റെ ജനാധിപത്യത്തിനും വൈവിധ്യത്തിനും നേരെയുള്ള ആക്രമണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.a

മതവിശ്വാസവും വർഗീയതയും രണ്ട് വിരുദ്ധ ധ്രുവങ്ങളാണെന്നും വർഗീയതയോടുള്ള വിമർശനം മതവിശ്വാസികളോടുള്ള വിമർശനമായി ചിത്രീകരിക്കുന്നത് വർഗീയവാദികളുടെ തന്ത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാമെന്ന് കരുതുന്നത് നാടിന് ആപത്താണ്. ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്ന് തിരിച്ചറിയണം. മതനിരപേക്ഷ വേഷം ധരിച്ച് പ്രവർത്തിക്കുന്ന മതേതര വിരുദ്ധരെ തിരിച്ചറിയാൻ സമസ്തയെപ്പോലുള്ള സംഘടനകൾക്ക് കഴിയണമെന്നും, സത്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ നുണ പ്രചരിപ്പിക്കാൻ വർഗീയ സംഘടനകൾ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ ഇടതുപക്ഷം എന്നും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വർഗീയ ശക്തികൾ തലപൊക്കിയപ്പോഴെല്ലാം നെഞ്ചുവിരിച്ചു നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ കേൾക്കാനും അവരെ ചേർത്തുപിടിച്ച് മുന്നോട്ടുപോകാനും സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും തയ്യാറായിട്ടുണ്ട്. ഈ നിലപാട് വെറും വാക്കല്ലെന്നും കഴിഞ്ഞ പത്ത് വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.