ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ജാൻവി കപൂർ. അടുത്തിടെ താരം ബഫല്ലോ പ്ലാസ്റ്റി എന്ന സൗന്ദര്യവർദ്ധക ശസ്തക്രിയയ്ക്ക് വിധേയയായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയ പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം.
‘ടു മച്ച് വിത്ത് കാജോൾ & ട്വിങ്കിൾ’ എന്ന പരിപാടിയിൽ സംസാരിക്കവെ, താൻ അടുത്തിടെ കണ്ട ഒരു വീഡിയോയിൽ സ്വയം പ്രഖ്യാപിത ഡോക്ടർമാർ താൻ ഈ ശസ്ത്രക്രിയ ചെയ്തതായി പറയുന്നതിനെക്കുറിച്ച് ജാൻവി തുറന്നു പറഞ്ഞു. താൻ കൃത്യതയോടെ മാത്രം കാര്യങ്ങൾ ചെയ്തിട്ടുള്ള ആളാണെന്നും, അമ്മയുടെ മാർഗ്ഗനിർദ്ദേശം തനിക്കുണ്ടായിരുന്നുവെന്നും ജാൻവി വ്യക്തമാക്കി. ഇതുപോലുള്ള വീഡിയോകൾ കണ്ട് ഒരു പെൺകുട്ടിയും ഇത്തരം ശസ്ത്രക്രിയകൾ ചെയ്യണമെന്ന് തീരുമാനിക്കരുതെന്നും, അവർക്ക് ഒരു മുന്നറിയിപ്പ് നൽകാനാണ് താൻ സംസാരിക്കുന്നതെന്നും താരം പറഞ്ഞു.
കൂടാതെ, സോഷ്യൽ മീഡിയ സജീവമായതോടെ എല്ലാവരും ഒരേപോലെ കാണപ്പെടണമെന്ന് സമൂഹം വിലയിരുത്തിത്തുടങ്ങി എന്നും, ഈ ‘പെർഫെക്ഷൻ’ എന്ന ആശയം ചെറുപ്പക്കാർക്കിടയിൽ പ്രചരിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ജാൻവി കൂട്ടിച്ചേർത്തു. നമ്മളെ സന്തോഷിപ്പിക്കുന്നത് ചെയ്യുക എന്നതിലാണ് താൻ വിശ്വസിക്കുന്നതെന്നും താരം പറഞ്ഞു.
