റിയാദ്: സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രവിശ്യകളിലും ഇന്ന് ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്കൊപ്പം ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ശക്തമായ പൊടിക്കാറ്റും മൂടൽമഞ്ഞും മൂലം അന്തരീക്ഷത്തിലെ കാഴ്ചപരിധി പൂജ്യത്തിനടുത്തേക്ക് കുറയാൻ സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണം. മക്ക, മദീന, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖലകൾ, ഹാഇൽ, ഖസീം, കിഴക്കൻ പ്രവിശ്യ, റിയാദ്, അൽ ബഹ, അസീർ, ജിസാൻ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കും. താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
