സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് സ്വർണവില 1,14,000 രൂപയ്ക്ക് താഴെയെത്തിയിരുന്നു. ഇന്ന് 22 കാരറ്റ് സ്വർണം ഒരു പവന് 1,14,240 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,280 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,800 രൂപയായി തുടരുന്നു. അതേസമയം, രാജ്യത്ത് വെള്ളി വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. വെള്ളി ഗ്രാമിന് 295 രൂപയായും കിലോഗ്രാമിന് 2,95,000 രൂപയായും ഉയർന്നിട്ടുണ്ട്.
അമേരിക്കൻ തൊഴിൽ വിപണിയിലെ കരുത്ത് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ടുകൾ സ്വർണ വിപണിയിൽ നേരിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ജനുവരിയിൽ യുഎസ് സമ്പദ്വ്യവസ്ഥയിൽ 1.3 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറയുകയും ചെയ്തത് നിക്ഷേപകർക്കിടയിൽ ഫെഡറൽ റിസർവ് പലിശനിരക്ക് ഉടൻ കുറയ്ക്കില്ലെന്ന ധാരണ പരത്തി. ഇതേത്തുടർന്നാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടത്. വരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പ റിപ്പോർട്ടും ഫെഡ് ഉദ്യോഗസ്ഥരുടെ സൂചനകളും വരും ദിവസങ്ങളിൽ സ്വർണവിലയെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
