
സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ ദേശീയഗാനമായ വന്ദേമാതരം സോണിയാ ഗാന്ധി അപമാനിച്ചെന്നാരോപിച്ച് പുതിയ നീക്കവുമായി ബി.ജെ.പി. രംഗത്ത്. കർണാടകയിലെ മംഗളൂരുവിലുള്ള ഉർവ പോലീസ് സ്റ്റേഷനിലാണ് ബി.ജെ.പി. നേതാക്കൾ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. എ.ഐ.സി.സി. ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് തടയാൻ സോണിയ ആംഗ്യം കാണിച്ചെന്നാണ് ബി.ജെ.പി. ഉന്നയിക്കുന്ന പ്രധാന ആരോപണം.
എ.ഐ.സി.സി. ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ ഈ ആരോപണങ്ങളെ കോൺഗ്രസ് പൂർണ്ണമായും തള്ളി. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് തടയാൻ ഒരു ശ്രമവും നടന്നിട്ടില്ലെന്നും, ഏറെനേരം നിൽക്കുകയായിരുന്ന ഖാർഗെയ്ക്ക് ഇരിക്കാൻ കസേര എത്തിച്ചുനൽകാൻ ആവശ്യപ്പെടുക മാത്രമാണ് സോണിയ ചെയ്തതെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.
ഈ സംഭവത്തിന് പിന്നാലെ സോണിയയ്ക്ക് ഈ പാപത്തിന് രാജ്യത്തെ ജനങ്ങൾ മാപ്പ് നൽകില്ലെന്നു പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും രംഗത്തെത്തിയിരുന്നു. കോൺഗ്രസിന് ലജ്ജ തോന്നേണ്ടതാണെന്നും, അല്പമെങ്കിലും നാണം അവശേഷിക്കുന്നുവെങ്കിൽ ബങ്കിംചന്ദ്ര ചാറ്റർജിയുടെ അനശ്വര ആത്മാവിനോടും ജനങ്ങളോടും കൈകൂപ്പി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അംബേദ്കറെ പാർലമെന്റിൽ അപമാനിക്കുകയും ആർ.എസ്.എസ്. ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ മടികാണിച്ച പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം പേറുന്ന വ്യക്തിയുമാണ് കോൺഗ്രസിനോട് മാപ്പുപറയാൻ ആവശ്യപ്പെടുന്നതെന്നായിരുന്നു ഇതിന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് നൽകിയ മറുപടി.
രാഷ്ട്രീയ രംഗത്ത് വലിയ വാഗ്വാദങ്ങൾക്കും വിവാദങ്ങൾക്കും ഈ സംഭവം തിരികൊളുത്തിയിരിക്കുകയാണ്. വന്ദേമാതരം വിവാദത്തിൽ നിയമനടപടികളിലേക്ക് കൂടി കാര്യങ്ങൾ നീങ്ങുന്നത് ദേശീയ രാഷ്ട്രീയത്തിൽ ഇരുപാർട്ടികൾക്കുമിടയിലെ പോര് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്.
