Home » Blog » Kerala » സ്വന്തം ‘വ്യോമസേന’ രൂപീകരിക്കാനൊരുങ്ങി താലിബാൻ: പാകിസ്ഥാന് ഭീഷണി
TTP_brightness_clear-680x450

പാകിസ്ഥാനിൽ പ്രധാന സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടി.ടി.പി) ഇപ്പോൾ ശക്തിപ്രകടനവുമായി പുതുനീക്കം നടത്തി.. പാക് സൈന്യത്തിനെതിരെ നിരവധിവട്ടം ആക്രമണം നടത്തിയിട്ടുള്ള ഈ തീവ്രവാദ സംഘടന, 2026 ഓടെ സ്വന്തം ‘വ്യോമസേന’ രൂപീകരിക്കുമെന്ന പ്രഖ്യാപനം നടത്തി. പാക് ഭരണകൂടത്തിനെതിരായ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

സലീം ഹഖാനിയുടെ നേതൃത്വത്തിലായിരിക്കും പുതിയ “എയർ വിംഗ്” പ്രവർത്തിക്കുക. സംഘടനാ മേധാവി മുഫ്തി നൂർ വാലി മെഹ്‌സൂദിന്റെ പിന്നാലെ ഏറ്റവും പ്രാധാന്യമുള്ള നേതാക്കളിൽ ഒരാളാണ് ഹഖാനി. സംഘടനയുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമായി ടിടിപി രണ്ട് പുതിയ മേൽനോട്ട മേഖലകളും രൂപീകരിച്ചു (പടിഞ്ഞാറൻ മേഖലയും മധ്യമേഖലയും). കൂടാതെ കശ്മീർ, ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നിവയും അവർ ‘നിഴൽ പ്രവിശ്യകൾ’ ആയി പ്രഖ്യാപിച്ചു.

സംഘടനാ ഉത്തരവാദിത്തത്തിലും വൻ മാറ്റങ്ങൾ നടന്നു.രാഷ്ട്രീയ കമ്മീഷൻ തലവനായിരുന്ന മൗലവി ഫക്കീർ മുഹമ്മദിനെ മാറ്റി അസ്മത്തുള്ള മെഹ്‌സൂദിനെ നിയമിച്ചു. ഇഹ്‌സാനുള്ള ഇപ്പി സതേൺ മിലിറ്ററി സോണിന്റെ തലവനായി.ഹിലാൽ ഖാസി സെൻട്രൽ മിലിറ്ററി സോണിന്റെ ഡെപ്യൂട്ടി ഹെഡായി നിയമിതനായി.

അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പഖ്തൂൺഖ്വയിലാണ് ടിടിപിയുടെ ഏറ്റവും കൂടുതൽ പിടിമുറുക്കം. സർക്കാർ നിയന്ത്രണം ക്ഷയിച്ചിരിക്കുന്ന പ്രദേശങ്ങൾക്കിടയിൽ ഇവർ ഒരു സമാന്തര ഭരണസംവിധാനം പോലെയാണ് പ്രവർത്തിക്കുന്നതെന്നതാണ് പാകിസ്ഥാന്റെ ആശങ്ക. അഫ്ഗാനിസ്ഥാനിലെ താലിബാൻ സംഘം ടിടിപിക്ക് പിന്തുണ നല്കുന്നു എന്നാരോപിച്ചിട്ടുള്ളെങ്കിലും, കാബൂൾ ഭരണകൂടം ഇത് നിരന്തരം നിഷേധിക്കുകയാണ്.

ബലൂചിസ്ഥാനിൽ വിഘടനവാദ സംഘടനകളുമായി പാക് സൈന്യം നേരിടുന്ന തുടർ പ്രതിസന്ധിയോടൊപ്പം ടിടിപിയുടെ ഈ നീക്കം പുതിയ തലവേദനയായി മാറാൻ സാധ്യതയുണ്ട്. ഒരുകാലത്ത് ചെറിയ താവളങ്ങൾ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന സംഘം, ഇന്ന് സ്വന്തം സേന, ഭരണഘടനാ ഘടന എന്നിവ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് വളർന്നിരിക്കുകയാണ്.