മനുഷ്യന്റെ വ്യക്തിപരമായ ദുഃഖങ്ങളും മരണാനന്തര ചടങ്ങുകളും അപകട ദൃശ്യങ്ങളുമെല്ലാം അനുവാദമില്ലാതെ മൊബൈൽ ക്യാമറകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യൂസ് കൂട്ടാൻ ഉപയോഗിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പൊലീസ്. അന്തരിച്ച നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ ചിലർ കാട്ടിയ തിക്കും തിരക്കും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്, മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റം മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശം’ ഒരു മൗലികാവകാശമാണെന്നും ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 – സെക്ഷൻ 66ഇ പ്രകാരം മറ്റൊരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതോ മൂന്ന് വർഷം വരെ തടവുശിക്ഷയും രണ്ട് ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. അതിനാൽ ലൈക്കുകൾക്കും കാഴ്ചക്കാർക്കും വേണ്ടി നിയമം കൈയിലെടുക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.
