കൊച്ചി: രാജ്യത്തിന്റെ സാമ്പത്തിക പരിഷ്ക്കരണത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായ വളര്‍ന്നു വരുന്ന പുതിയ മേഖലകളിലെ സാമ്പത്തിക സഹായം ഉറപ്പിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചക്ര സെന്റര്‍ ഓഫ് എക്സലന്‍സ് അവതരിപ്പിച്ചു. വികസിത ഭാരതം 2047-ല്‍ ബാങ്കിനുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണ് ഈ നീക്കം. പുതുതലമുറയിലെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള വളർന്നു വരുന്ന മേഖലകള്‍ക്കായി അറിവിന്റെ അടിസ്ഥാനത്തിലുള്ള ഒരു സംവിധാനമായി ‘ചക്ര’ പ്രവര്‍ത്തിക്കും. പുനരുപയാഗിക്കാവുന്ന ഊര്‍ജ്ജം. ഹരിത ഹൈഡ്രജന്‍, സെമി കണ്ടക്ടര്‍, ഡീകാര്ബണൈസേഷന്, സ്മാര്‍ട്ട് അടിസ്ഥാന സൗകര്യങ്ങള്‍, ഡാറ്റാ സെന്റര്‍ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലായിരിക്കും ചക്ര ശ്രദ്ധ പതിപ്പിക്കുക.
മൂലധനം നിര്‍ണായകമായ ഈ മേഖലകളിലേക്ക് ഉത്തരവാദിത്തത്തോടെ മുൂലധന ഒഴുക്ക് ലഭ്യമാക്കാനും നവീനമായ സാമ്പത്തിക ചട്ടക്കൂടുകള്‍ സൃഷ്ടിക്കാനും ഇതു വഴിയൊരുക്കും. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം നാഗരാജു കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്ബിഐ ചെയര്മാന് ചല്ല ശ്രീനിവാസലു ഷെട്ടി സന്നിഹിതനായി. അറിവു പങ്കു വെക്കുന്നതും പദ്ധതികള്‍ വിലയിരുത്തുന്നതും ശേഷി വികസിപ്പിക്കുന്നതുമായ ഒരു സംവിധാനമായിരിക്കും ചക്ര സെന്റര്‍ എന്ന് എം നാഗരാജു ചൂണ്ടിക്കാട്ടി.
