Home » Blog » kerala Max » സ്ഥാനാർത്ഥികൾക്ക് പ്രായമേറുന്നു; 80 കടന്നവർ മുതൽ 25-കാരൻ വരെ, നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രായരഹസ്യം അറിയാം
congres-cpm-bjp-party-flags-vote-election

പുതുരക്തം വരണം, യുവത്വം ജയിക്കണം എന്നൊക്കെ പ്രസംഗങ്ങളിൽ കേൾക്കാമെങ്കിലും സ്ഥാനാർത്ഥിനിർണയങ്ങളുടെ മാനദണ്ഡങ്ങൾ ഇന്നും മറ്റൊന്നാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം നീങ്ങുമ്പോൾ സ്ഥാനാർത്ഥികളുടെ പ്രായം ഒരു പ്രധാന ചർച്ചാവിഷയമാവുകയാണ്. ഇത്തവണത്തെ ജനവിധി തേടുന്നവരിൽ സിംഹഭാഗവും മധ്യവയസ്കരും വയോജനങ്ങളുമാണ്. ഇതിൽ റെക്കോർഡ് ഇട്ടിരിക്കുന്നത് സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ!

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ആകെയുള്ള സ്ഥാനാർത്ഥികളിൽ വെറും 140 പേർ മാത്രമാണ് യുവാക്കളായുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25-40 പ്രായപരിധിയിലുള്ള 221 പേർ മത്സരിച്ചിടത്താണ് ഈ വൻ ഇടിവ്. അതായത്, രാഷ്ട്രീയ പാർട്ടികൾക്ക് യുവാക്കളേക്കാൾ വിശ്വാസം അനുഭവസമ്പന്നരായ മുതിർന്നവരിലാണെന്ന് സാരം.

‘കാാരണവർ’ പിണറായി

ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ഏറ്റവും മുതിർന്ന സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. ധർമ്മടത്ത് നിന്ന് ജനവിധി തേടുമ്പോൾ 82 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. തൊട്ടുപിന്നാലെ കണ്ണൂരിലെ രാമചന്ദ്രൻ കടന്നപ്പള്ളി (81 വയസ്സ്), എ.കെ. ശശീന്ദ്രൻ (80 വയസ്സ്) എന്നിവരുമുണ്ട്.
യുഡിഎഫ് നിരയിലും മുതിർന്നവർക്ക് കുറവില്ല. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ (78 വയസ്സ്), തിരുവഞ്ചൂർ രാധാകൃഷ്ണൻ (78 വയസ്സ്), പി.കെ കുഞ്ഞാലിക്കുട്ടി (74 വയസ്സ്), മഞ്ഞളാംകുഴി അലി (74 വയസ്സ്) എന്നിവരും പ്രായത്തിന്റെ പരിഗണനയില്ലാതെ തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമാണ്.

കണക്കുകൾ ഇങ്ങനെ:
മധ്യവയസ്കർ (41-60 വയസ്സ്): 497 പേർ
61-70 വയസ്സ്: 179 പേർ
71-80 വയസ്സ്: 45 പേർ
81-85 വയസ്സ്: 3 പേർ

മുതിർന്നവർ കളം വാഴുമ്പോഴും പ്രതീക്ഷ നൽകുന്ന ചില മുഖങ്ങളുമുണ്ട്. ഏറ്റുമാനൂരിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി ആതിര ഡി. നായരും, വർക്കലയിലെ സ്വതന്ത്ര സ്ഥാനാർത്ഥി എസ്.ജി ഹരികൃഷ്ണനുമാണ് ഇത്തവണത്തെ ഏറ്റവും പ്രായം കുറഞ്ഞവർ. 25 വയസ്സുള്ള ഇവർ വയോജന കോട്ടകളിലേക്ക് യുവത്വത്തിന്റെ ശബ്ദവുമായെത്തുകയാണ്.