അഞ്ചു ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി ശേഖരിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്തു എന്ന ആരോപണം നിലനിൽക്കെ സ്ത്രീസുരക്ഷാ പദ്ധതിയില്‍ പേര് ചേര്‍ത്തവരുടെ വ്യക്തിവിവരങ്ങളും സര്‍ക്കാർ ചോര്ത്തിയിരിക്കുകയാണെന്നു രമേശ് ചെന്നിത്തല. ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് സര്‍ക്കാര്‍ ചോര്‍ത്തിയത്. ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത 35നു മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി നല്കിയ കത്ത് പ്രകാരം ചോര്‍ത്തിയത്. ഇതിന്റെ തെളിവായി, മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്ത് ചെന്നിത്തല പുറത്തുവിട്ടു.
യാതൊരു മുൻ കരുതലുകളുമില്ലാതെയാണ് മുഖ്യമന്ത്രി വിവരങ്ങൾ സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറിയത്. ഇത് തിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ ഡേറ്റ ലഭിച്ച സ്വകാര്യ ഏജന്‍സികള്‍ ഇവ എത്രമാത്രം ദുരുപയോഗം ചെയ്യാനിടയുണ്ട് എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു കൈമാറാന്‍ നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്ത മുഖ്യമന്ത്രി രാജിവച്ച് ഒഴിയണം. ഈ വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.
