ഒരു സ്ത്രീയോട് ഐ ലവ് യു എന്ന് പറയുന്നത് കുറ്റമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. അനുവാദമില്ലാതെ കൈയിൽ പിടിച്ച് വലിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 354 പ്രകാരം ഇത് ക്രിമിനൽ കുറ്റമാണെന്ന് ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവൻഷി വിധിച്ചു. സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഇത്തരം പെരുമാറ്റങ്ങൾ നിയമനടപടികൾക്ക് വിധേയമാകുമെന്നും കോടതി ഓർമ്മിപ്പിച്ചു.
സ്‌കൂളിൽ നിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടിയുടെ കൈപിടിച്ചു വലിക്കുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്ത യുവാവിനെ ശിക്ഷിച്ച നടപടി ശരിവെച്ചുകൊണ്ടാണ് ഛത്തീസ്ഗഢ് ഹൈക്കോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതി നൽകിയ അപ്പീൽ തള്ളിക്കൊണ്ട്, ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ ഇത്തരം പ്രവൃത്തികൾ ഒട്ടും അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവൻഷി വ്യക്തമാക്കി.
കേസിൽ പ്രതിക്ക് വിചാരണക്കോടതി നേരത്തെ മൂന്ന് വർഷത്തെ കഠിനതടവ് വിധിച്ചിരുന്നു. എന്നാൽ, പ്രതിയുടെ പ്രായവും സാഹചര്യവും കണക്കിലെടുത്ത് ശിക്ഷാ കാലാവധി ഒരു വർഷമായി ഹൈക്കോടതി പരിമിതപ്പെടുത്തി. നിലവിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി ഉടൻ തന്നെ കീഴടങ്ങണമെന്നും ബാക്കിയുള്ള തടവ് ശിക്ഷ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവൻഷി ഉത്തരവിട്ടു.
