Home » Blog » Kerala » സ്കൂളുകളിലും മദ്രസകളിലും ഇനി വന്ദേമാതരം നിർബന്ധം; പശ്ചിമ ബംഗാളിൽ നിയമപരിഷ്കാരം
SURESH_GOPI-2

പശ്ചിമ ബംഗാളിലെ മുഴുവൻ സ്‌കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കിയതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ എല്ലാ മദ്രസകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ. ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ അംഗീകൃത, എയ്ഡഡ്, അൺ-എയ്ഡഡ് മദ്രസകളിലും ഇനി മുതൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപുള്ള പ്രഭാത അസംബ്ലിയിൽ വന്ദേമാതരം ആലപിക്കണമെന്നാണ് പുതിയ കടുത്ത നിർദ്ദേശം. സ്കൂളുകളിൽ ഈ നിയമം നടപ്പിലാക്കി ഒരാഴ്ച തികയുന്നതിന് മുൻപാണ് മദ്രസകൾക്കും ഈ പുതിയ ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. വന്ദേമാതരത്തിലെ പ്രധാനപ്പെട്ട ആറ് വരികളും ഇത്തരത്തിൽ ആലപിക്കണമെന്നാണ് വ്യവസ്ഥ.

 

വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് ബംഗാൾ സർക്കാരിന്റെ ഈ പുതിയ നടപടി. ഈ വർഷം ഫെബ്രുവരിയിലാണ് കേന്ദ്ര സർക്കാർ വന്ദേമാതരത്തിന് ഔദ്യോഗികമായി ഈ പദവി നൽകിയത്. പുതിയ ഉത്തരവ് വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ബംഗാളിന് പുറമെ കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വന്ദേമാതരവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുന്നുണ്ട്. കേരളത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെതിരെ ഇടതുപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. സമാനമായ രീതിയിൽ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെയും വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.