GALEEMUDHIN-1-144.jpg

സൈബർ ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി വാട്‌സ്ആപ്പിൽ ഉടൻ ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ എത്തുമെന്ന് റിപ്പോർട്ട്. സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കുന്നതാണ് ഈ ഫീച്ചറിൻ്റെ പ്രധാന ലക്ഷ്യം. പുതിയ വാട്‌സ്ആപ്പ് സവിശേഷതകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ വാബീറ്റഇൻഫോ വാട്‍സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ഫീച്ചര്‍ കണ്ടെത്തി. ഈ കർശനമായ സുരക്ഷാ ക്രമീകരണം, പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള മീഡിയ ഫയലുകളും അറ്റാച്ച്‌മെൻ്റുകളും തടയുന്നത് അടക്കമുള്ള സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് നൽകും.

പുതിയ സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ഫീച്ചർ ഒരു നൂതന സുരക്ഷാ സംവിധാനമായി പ്രവർത്തിക്കും. വാട്‌സ്ആപ്പില്‍ വരാനിരിക്കുന്ന സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് മോഡ് ഉപയോക്താക്കൾക്ക് കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ നൽകുമെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് പറയുന്നു. കോളുകൾക്കിടയിൽ വാട്‌സ്ആപ്പ് സെർവറുകൾ വഴി ആശയവിനിമയങ്ങൾ റൂട്ട് ചെയ്ത് ഐപി അഡ്രസ് സംരക്ഷണം ഉറപ്പാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മാൽവെയർ അല്ലെങ്കിൽ ഫിഷിംഗ് ലിങ്കുകൾ അടങ്ങിയ ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെൻ്റുകൾ എന്നിവ അജ്ഞാത കോൺടാക്റ്റുകളിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്നത് തടയാൻ ഇതിന് കഴിയും. ഇത്തരം അക്കൗണ്ടുകളുമായുള്ള സംഭാഷണങ്ങൾ ടെക്സ്റ്റ് സന്ദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുന്നത് വഴി അപകടസാധ്യത കുറയ്ക്കാനും ഈ ഫീച്ചർ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *