അമേരിക്കയിലെ സൈനിക താവളത്തിൽ എത്തിയ അജ്ഞാതമായ വെളുത്ത പൊടി സംബന്ധിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കി. അമേരിക്കയിലെ മേരിലാൻഡിലെ ആൻഡ്രൂസ് ജോയിന്റ് ബേസിലാണ് വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് ലഭിച്ചത്. സംശയാസ്പദമായ പാക്കറ്റ് തുറന്നയുടൻ ചിലർക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ആരോഗ്യപ്രശ്നം അനുഭവപ്പെട്ടവരെ ഉടൻ മാൽക്കം ഗ്രോ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. പ്രാഥമിക പരിശോധനകൾക്ക് ശേഷം എല്ലാവരും സുഖമായിരിക്കുകയാണെന്നും ആശുപത്രി വിട്ടതായും യുഎസ് സൈന്യം വ്യക്തമാക്കി. പാക്കറ്റ് ലഭിച്ച കെട്ടിടത്തിലെ ജീവനക്കാരെ ഒഴിപ്പിക്കുകയും പ്രത്യേക അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, തുടർ പരിശോധനയിൽ അപകടകരമായ രാസപദാർത്ഥങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു.
സൈനിക താവളത്തിന്റെ പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിലായിട്ടുണ്ട്. യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റുമുൾപ്പെടെ ലോകനേതാക്കൾ യാത്രയ്ക്കായി സ്ഥിരമായി ഉപയോഗിക്കുന്ന സുപ്രധാന സൈനിക കേന്ദ്രമാണ് ആൻഡ്രൂസ് ജോയിന്റ് ബേസ്.
