കേരളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു.
പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12.00 മുതല്‍ മൂന്ന് വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് 12ന് അവസാനിക്കുന്ന പ്രകാരവും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു. ഫെബ്രുവരി 13 മുതല്‍ മെയ് 20 വരെയാണ് ഈ സമയ ക്രമീകരണം ബാധകമായിരിക്കുകയെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
