ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവിനെതിരെ വിവാദ പരാമർശം നടത്തിയ നടി ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്. മുംബൈയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫൈസാൻ അൻസാരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സൂര്യകുമാർ യാദവ് തനിക്ക് സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു എന്ന നടിയുടെ വെളിപ്പെടുത്തൽ വ്യാജമാണെന്നും താരത്തിന്റെ പ്രതിച്ഛായ തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അൻസാരി ആരോപിച്ചു.
വിവാദത്തിന്റെ തുടക്കം ഇങ്ങനെ
കഴിഞ്ഞ മാസം ഒരു അഭിമുഖത്തിനിടെയാണ് സൂര്യകുമാർ യാദവ് തനിക്ക് ഇടയ്ക്കിടെ സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു എന്ന് ഖുഷി മുഖർജി അവകാശപ്പെട്ടത്. എന്നാൽ ഈ ആരോപണങ്ങൾ അസംബന്ധമാണെന്ന് ഫൈസാൻ അൻസാരി പറഞ്ഞു. “സൂര്യകുമാർ യാദവിനോ അദ്ദേഹത്തിന്റെ വീട്ടിലെ വാച്ച്മാനോ പോലും ആരാണ് ഈ ഖുഷി എന്ന് അറിയില്ല. പ്രശസ്തിക്ക് വേണ്ടിയുള്ള ഇത്തരം വ്യാജ പ്രചാരണങ്ങൾ അനുവദിക്കാനാവില്ല,” അൻസാരി വ്യക്തമാക്കി.
ഗാസിപൂരിൽ താരം എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാൻ നടിയെ വെല്ലുവിളിച്ച അൻസാരി, വ്യാജ പരാതി ഉന്നയിച്ചതിന് നടിയെ ഏഴ് വർഷം തടവിലിടണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരത്തെ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നത് രാജ്യത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
