Home » Blog » Auto » സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ട്രാഫിക് നിയമലംഘനം തുടർന്നാൽ ലൈസൻസ് തെറിക്കും, പുതിയ സംവിധാനം വരുന്നു
33d6b34051363869e5648d7bcbff81625dc6094987a0d797b133b2f0d04ac1c4.0

റോഡ് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ മാതൃകയിൽ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഡൽഹിയിൽ നടന്ന റോഡ് സുരക്ഷാ കോൺക്ലേവിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഓരോ ട്രാഫിക് നിയമലംഘനത്തിനും ലൈസൻസിൽ നിന്ന് നിശ്ചിത പോയിന്റുകൾ കുറയുന്ന രീതിയാണിത്. ഒരു പരിധിയിൽ കൂടുതൽ പോയിന്റുകൾ നഷ്ടപ്പെട്ടാൽ ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കപ്പെടും. നിയമലംഘനം തുടരുന്നവരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനും പുതിയ സംവിധാനത്തിൽ വ്യവസ്ഥയുണ്ടാകും.

രാജ്യത്ത് പ്രതിവർഷം നടക്കുന്ന അഞ്ച് ലക്ഷത്തോളം വാഹനാപകടങ്ങളിൽ 1.8 ലക്ഷം പേർ മരിക്കുന്നുണ്ടെന്നും ഇതിൽ ഭൂരിഭാഗവും യുവാക്കളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അപകടങ്ങൾ കുറയ്ക്കുന്നതിനായി ഉയർന്ന അപകടസാധ്യതയുള്ള 100 ജില്ലകളെ ‘സീറോ ആക്‌സിഡന്റ്’ മേഖലകളാക്കി മാറ്റാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണ്. മദ്യപിച്ച് വാഹനമോടിക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഈ പുതിയ പോയിന്റ് സംവിധാനം വലിയൊരു തടയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡ്രൈവിങ് ലൈസൻസ് പുതുക്കുന്ന കാര്യത്തിലും കേന്ദ്രം വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. നിലവിൽ പരീക്ഷകളില്ലാതെ ലൈസൻസ് പുതുക്കാമെങ്കിൽ, പുതിയ നിയമപ്രകാരം ട്രാഫിക് നിയമലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസായാൽ മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ. ബ്രിട്ടൻ, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുള്ള ഈ രീതി ഇന്ത്യയിലും നടപ്പിലാക്കുന്നതോടെ ഗതാഗത നിയമങ്ങളോടുള്ള ജനങ്ങളുടെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ കുറയുമെന്നുമാണ് സർക്കാർ വിലയിരുത്തുന്നത്.