നടനും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ‘സീതാ പയനം’ ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനത്തിൽ തിയറ്ററുകളിൽ എത്തും. പുതുവത്സരത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. ഇതോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
ചിത്രത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുനാണ് നായിക. നിരഞ്ജൻ സുധീന്ദ്രയാണ് നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.
റൊമാന്റിക് ഡ്രാമ പശ്ചാത്തലത്തിൽ ഒരുക്കുന്ന സീതാ യാത്രയുടെ തിരക്കഥയും അർജുൻ സർജ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം അനൂപ് റൂബൻസ്. എഡിറ്റിംഗ് അയൂബ് ഖാൻ, ഛായാഗ്രഹണം ജി. ബാലമുരുകൻ. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.പട്ടത്ത് യാനൈ, പ്രേമ ബാരാഹ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അർജുൻ ഏറെ നാളുകൾക്ക് ശേഷമാണ് വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്.
