Home » Blog » Kerala » സി.കെ. ജാനുവിനെ യു.ഡി.എഫ് ചേർത്തുപിടിക്കും: വി ഡി സതീശൻ
v-d-satheesan-1-680x450

സി.കെ. ജാനു, പി.വി. അൻവർ, എന്നിവരെ യു.ഡി.എഫ് മുന്നണിയുടെ ഭാഗമാക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊച്ചിയിൽ ചേർന്ന യു.ഡി.എഫ് യോഗത്തിന് ശേഷമാണ് സുപ്രധാന തീരുമാനങ്ങൾ അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചത്. മുന്നണി വിപുലീകരണത്തിലൂടെ വലിയൊരു രാഷ്ട്രീയ പ്ലാറ്റ്‌ഫോം രൂപീകരിക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മുത്തങ്ങ വെടിവെപ്പ് അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഉണ്ടായതാണെന്നും അത് ആരും ആഗ്രഹിച്ചതല്ലെന്നും സതീശൻ പറഞ്ഞു. സി.കെ. ജാനുവിനെ യു.ഡി.എഫ് ചേർത്തുപിടിക്കും. മുന്നണിയിൽ ചേരുന്നതിന് മൂന്ന് പാർട്ടികളും യാതൊരുവിധ നിബന്ധനകളും മുന്നോട്ട് വെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ജോസ് കെ. മാണി വിഭാഗത്തെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് നിലവിൽ ചർച്ചകളൊന്നും നടക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മുന്നണി വിട്ടുപോയവർക്ക് മുന്നിൽ വാതിലുകൾ എന്നെന്നേക്കുമായി അടച്ചിട്ടില്ലെന്ന സൂചനയും അദ്ദേഹം നൽകി.

പ്രാദേശിക തലത്തിൽ സി.പി.എമ്മുമായോ ബി.ജെ.പിയുമായോ യാതൊരുവിധ സഖ്യവും പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തോൽവി ഭയന്ന് സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്നും ബോംബും വാളും ഉപയോഗിച്ചുള്ള ഈ അക്രമ രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ വി.ഡി. സതീശൻ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറ് സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ടു.”യു.ഡി.എഫിന് ഭൂരിപക്ഷ പ്രീണനമോ ന്യൂനപക്ഷ പ്രീണനമോ ഇല്ല. മുനമ്പം വിഷയത്തിലായാലും പള്ളുരുത്തിയിലായാലും കൃത്യമായ രാഷ്ട്രീയ നിലപാടാണ് മുന്നണി സ്വീകരിച്ചത്. ആകാശം ഇടിഞ്ഞു വീണാലും ഈ നിലപാടുകളിൽ വെള്ളം ചേർക്കില്ല.” വി.ഡി. സതീശൻ വ്യക്തമാക്കി.