Home » Blog » Kerala » സിവിൽ സർവീസിലേക്ക് കൂടുതൽ യുവജനങ്ങൾ കടന്നുവരുന്നത് ഗുണകരം: മന്ത്രി ഡോ. ആർ ബിന്ദു
images (53)

 

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ചെങ്ങന്നൂർ ഉപകേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

 

സിവിൽ സർവീസിലേക്ക് കൂടുതൽ യുവജനങ്ങൾ കടന്നുവരുന്നത് കേരളത്തെ സംബന്ധിച്ച് വളരെ ഗുണകരമാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ചെങ്ങന്നൂരിൽ നിർമ്മിച്ച ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

സിവിൽ സർവീസ് അക്കാദമിയുടെ രൂപീകരണത്തിനുശേഷം വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് അഭിനന്ദനീയമായ നിലയിൽ കേരളത്തിൽ നിന്നുള്ള പ്രാതിനിധ്യം വർദ്ധിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ചുരുങ്ങിയ ചെലവിൽ ഏറ്റവും മികച്ച സിവിൽ സർവീസ് പരിശീലനം സാധ്യമാക്കുകയാണ് സിസിഇകെയുടെ സിവിൽ സർവീസ് അക്കാദമിയുടെ ലക്ഷ്യം.

 

സാമൂഹ്യമായി അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതോടൊപ്പം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്കും സൗജന്യ നിരക്കിൽ സിവിൽ സർവീസ് പരിശീലനം നൽകാൻ സാധിക്കുന്നു എന്നതും അഭിമാനകരമായ കാര്യമാണ്. സിവിൽ സർവീസ് പരീക്ഷാ ജേതാക്കളായി അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർഥികൾക്കും സിവിൽ സർവീസ് അക്കാദമിയുടെ ഭാഗത്തുനിന്ന് പ്രത്യേക പരിശീലനം നൽകുകയും സമ്പൂർണ്ണ സൗജന്യ യാത്രയും താമസ സൗകര്യവും ഒരുക്കുന്നുണ്ട്. വെക്കേഷൻ കോഴ്സുകളാണ് കേന്ദ്രത്തിൽ ആദ്യം ആരംഭിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

 

ചടങ്ങിൽ ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. വരും തലമുറയ്ക്ക് സിവിൽ സർവീസിലേക്ക് വഴിതുറന്നു നൽകാൻ ഈ അക്കാദമി പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

 

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ പ്രവർത്തനം ചെങ്ങന്നൂരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂർ അങ്ങാടിക്കൽ സൗത്ത് ഹയർ സെക്കന്ററി സ്‌കൂളിനു സമീപം പുതിയതായി നിർമ്മിച്ച അക്കാദമി ക്യാമ്പസിൽ ആണ് ഉപകേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. സജി ചെറിയാൻ എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചത്. 8322 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടത്തിൽ അഞ്ച് ക്ലാസ്സ് റൂമുകളും, ഒരു ലൈബ്രറി, റീഡിംഗ് സ്പേസ്, സ്റ്റാഫ് റൂം, കോ-ഓർഡിനേറ്റർക്കുള്ള മുറി, ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

 

ചടങ്ങിൽ ചെങ്ങന്നൂർ നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി, വൈസ് പ്രസിഡന്റ് ജി വിവേക്, ചെങ്ങന്നൂർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ശോഭ വർഗീസ്, നഗരസഭാഗംങ്ങളായ റിജോ ജോൺ, സൂസമ്മ എബ്രഹാം, സവിത, സി സി ഇ കെ ഡയറക്ടർ ഇഷിതാ റോയ്, കോ ഓർഡിനേറ്റർ പ്രമീള മനോജ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.