ജനഹിതാനുസരണമുള്ള നാടിന്റെ പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാമിന്റെ വിവരശേഖരണത്തിന് പുതുവര്‍ഷത്തില്‍ തുടക്കമാകും. സന്നദ്ധപ്രവര്ത്തകാരായെത്തിയ കര്‍മസേനാംഗങ്ങളാണ് എല്ലാ വീടുകളിലേക്കും ഇതര വാസസ്ഥലങ്ങളിലേക്കുമെത്തുക. വിവരശേഖരണം സംബന്ധിച്ച് പരിശീലനം നേടിയ പദ്ധതിനിര്‍വഹണ പ്രവര്‍ത്തകരാണ് പരിപാടി നയിക്കുന്നത്. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തിയവരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശീലനം വിവിധ മേഖലകളിലായി പുരോഗമിക്കുകയാണ്.
ഓരോ കര്‍മസേനാംഗവും സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന പൊതുജനത്തിന്റെ കാഴ്ചപാടുകളും അഭിപ്രായങ്ങളുമാണ് ശേഖരിക്കുക. സമൂഹത്തില്‍ ശ്രദ്ധേയരായവര്‍ മുതല്‍ ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവരുടെ അഭിപ്രായസ്വരൂപീകരണമാണ് പുതുവര്‍ഷത്തില്‍ നടത്തുക. രണ്ടുമാസക്കാലയളവില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. കൊല്ലം കോര്‍പറേഷന്‍തല പരിശീലനത്തിന് തുടക്കമായി. വിവിധ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചും നടത്തുകയാണ്. അടുത്തഘട്ടപരിശീലനം ജനുവരി അഞ്ച്, ആറ് തീയതികളിലായി നടത്തും.
