Home » Blog » Top News » സിയാലിനെ മൾട്ടിമോഡൽ കാർഗോ ശൃംഖലയുടെ കേന്ദ്രമാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ സിയാൽ രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് സമാപിച്ചു
FB_IMG_1770039819130

സംസ്ഥാനത്ത് വ്യോമ, റോഡ്, റെയിൽ, ജല മാർഗങ്ങൾ സംയോജിപ്പിച്ച് മൾട്ടിമോഡൽ കാർഗോ ശൃംഖല സ്‌ഥാപിക്കുമെന്നും അതിൻ്റെ കേന്ദ്രമാക്കി കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)സംഘടിപ്പിച്ച രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റിന്റെ പ്ലീനറി സെഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഗോ ബിസിനസ്സിൻ്റെ വിപുലീകരണത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഇതിൻ്റെ ഗുണഫലങ്ങൾ കണ്ടു തുടങ്ങി. നിരവധി സ്ഥാപനങ്ങളുടെ ലോജിസ്റ്റിക്സ് പാർക്കുകൾ, അത്യാധുനിക വെയർഹൗസുകൾ തുടങ്ങിയവ കൊച്ചിയുടെ സമീപപ്രദേശങ്ങളിലായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇത് സിയാൽ കാർഗോ പ്രവർത്തനങ്ങളുടെ രജത ജൂബിലി വർഷമാണ്. ആഭ്യന്തരവും അന്താരാഷ്ട്രവുമായ കാർഗോ, ട്രാൻസ്ഷിപ്പ്മെൻ്റ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടെ രണ്ടര ലക്ഷം ചതുരശ്ര അടിയിൽ വെയർഹൗസിംഗ് സൗകര്യങ്ങൾ സിയാലിൽ ഒരുക്കിയിട്ടുണ്ട്. 250-ൽ അധികം കാർഗോ ഏജൻസികളും, 23 അന്താരാഷ്ട്ര എയർലൈനുകളും, അഞ്ച് ആഭ്യന്തര എയർലൈനുകളും സിയാൽ കാർഗോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. കൂടാതെ, തിരുപ്പൂർ, കോയമ്പത്തൂർ കാർഗോ ഹബ്ബ് അടുത്താണ് എന്നതും സിയാലിൻ്റെ കാർഗോ സാധ്യതകൾ വർദ്ധിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളം എന്നതിനപ്പുറം കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാൻ സിയാലിനായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 65,000 മെട്രിക് ടണ്ണിലേറെ ചരക്കുകൾ സിയാൽ കൈകാര്യം ചെയ്തു. ഇത് നടപ്പ് സാമ്പത്തിക വർഷം 74,000 മെട്രിക് ടണ്ണായി ഉയരും. അമ്പത് ശതമാനം ലാഭ വിഹിതമാണ് നിക്ഷേപകർക്ക് സിയാൽ നൽകിയത്. പ്രവർത്തനം കൊണ്ട് രാജ്യത്തിനാകെ മാതൃകയാണ് സിയാലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനത്താവളത്തിന്റെ ആധുനികവൽക്കരണത്തിനോടൊപ്പം സമീപപ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സിയാൽ പ്രാധാന്യം നൽകുന്നു. നാല് പഞ്ചായത്തുകൾക്ക് ഗുണം ലഭിക്കുന്ന തരത്തിൽ 40 കോടി രൂപ ചെലവിൽ സിയാൽ ഒരുക്കുന്ന മൂന്ന് പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സർട്ടിഫിക്കേഷനായി സിയാൽ ശ്രമം തുടങ്ങിയിട്ടുണ്ട്. സർട്ടിഫിക്കേഷൻ ലഭിച്ചാലുടൻ ഫാർമ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാർഗോ കയറ്റുമതി രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സ്‌ഥാപനങ്ങളെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു.

 

*സിയാൽ കേന്ദ്രീകരിച്ച് ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം: മന്ത്രി പി രാജീവ്*

സിയാലിന് ചുറ്റും വലിയൊരു ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം രൂപപ്പെടുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോജിസ്റ്റിക്സ് പോളിസി വലിയ നിക്ഷേപങ്ങൾക്കാണ് വഴിതുറന്നത്. ഈ മേഖലയിൽ ആഗോളതലത്തിലും രാജ്യത്തും ശ്രദ്ധേയരായ പ്രമുഖ കമ്പനികൾ സിയാലിന് ചുറ്റുമായി ലോജിസ്റ്റിക്സ് പാർക്കുകൾ ആരംഭിച്ചിട്ടുണ്ട്.

കാർഗോ വികസനത്തിനൊപ്പം ഈ മേഖലയിലെ മാനവവിഭവശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക കോഴ്സുകൾ ആരംഭിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

സിയാൽ കാർഗോ വിഭാഗം 25 വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്നാണ് രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ചത്.

ചടങ്ങിൽ എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം ജോൺ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്‌സൺ റീത്താ പോൾ, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോർജ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എയർപോർട്ട് ഡയറക്ടർ ജി മനു, സിയാൽ കാർഗോ വിഭാഗം മേധാവി സതീഷ് കുമാർ ആർ പൈ എന്നിവർ പങ്കെടുത്തു.