Home » Blog » kerala Max » സിനിമയിൽ 20 വർഷങ്ങൾ; ‘ആരം’ സിനിമയുടെ ലൊക്കേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച് സൈജു കുറുപ്പ്
10

‘മയൂഖം’ എന്ന സിനിമയിലൂടെ തുടങ്ങി നായകനായും വില്ലനായും സ്വഭാവ നടനായുമൊക്കെ ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സൈജു കുറുപ്പ് സിനിമയിലെത്തിയിട്ട് 20 വർഷങ്ങൾ. ഇതിനകം മലയാളത്തിലും തമിഴിലുമായി ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമയിലെത്തിയതിന്‍റെ 20 വർഷങ്ങൾ ‘ആരം’ സിനിമയുടെ ലൊക്കേഷനിൽ സഹപ്രവർത്തകർക്കൊപ്പം മധുരം പങ്കുവെച്ചുകൊണ്ട് ആഘോഷിച്ചു.

സൈജു കുറുപ്പ് പോലീസ് വേഷത്തിൽ എത്തുന്ന ‘ആരം’ സിനിമയുടെ അണിയറപ്രവർത്തകരാണ് അദ്ദേഹത്തിന് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചുകൊണ്ട് അദ്ദേഹം സഹതാരങ്ങളോടൊപ്പം അഭിനയകലയുടെ രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്ന സന്തോഷം പങ്കുവെച്ചു. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ‘ആരം’ ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സംവിധാനം നിർവ്വഹിക്കുന്നത്.

സൈജു കുറുപ്പിന് പുറമെ സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി, ഉണ്ണി ലാൽ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.