വയനാട്: വോട്ട് ചെയ്താൽ ‘മധുരം’ കിട്ടുമെന്ന് കരുതി പോളിംഗ് ബൂത്തിലെത്തിയ കന്നി വോട്ടർക്ക് കിട്ടിയത് നിരാശ. ഒടുവിൽ ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി യുവാവ് തിരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ സമീപിച്ചു. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്ത യുവാവാണ് മധുരം തേടി ഉദ്യോഗസ്ഥരെ വലച്ചത്.
വോട്ട് രേഖപ്പെടുത്തിയ ഉടൻ യുവാവ് ഹൽവ ആവശ്യപ്പെട്ടെങ്കിലും ബൂത്തിൽ ഹൽവ വിതരണമില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. ഇതിൽ തൃപ്തനാവാതെ യുവാവ് ഉടൻ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിലും കളക്ടറേറ്റിലും വിളിച്ച് പരാതി ബോധിപ്പിച്ചു. കളക്ടറുടെ ഔദ്യോഗിക പേജിൽ കന്നി വോട്ടർമാർക്ക് ഹൽവ നൽകുന്ന വീഡിയോ കണ്ടതിനാലാണ് താൻ മധുരം ചോദിച്ചതെന്ന് യുവാവ് പറയുന്നു.
എന്നാൽ, വയനാട്ടിലെ എല്ലാ ബൂത്തുകളിലും ഹൽവ വിതരണം ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ജില്ലയിലെ 715 ബൂത്തുകളിലായി കന്നി വോട്ടർമാർക്ക് വിതരണം ചെയ്യാൻ വെറും 200 കഷ്ണം ഹൽവ മാത്രമാണ് എത്തിയിരുന്നത്. അതിനാൽ ഏറ്റവും കൂടുതൽ കന്നി വോട്ടർമാരുള്ള തിരഞ്ഞെടുത്ത മൂന്ന് ബൂത്തുകളിൽ മാത്രമാണ് വിതരണം നടന്നത്. കണിയാമ്പറ്റ യുപിഎസ്, മീനങ്ങാടി കമ്മ്യൂണിറ്റി ഹാൾ, കുഞ്ഞോം ഗവ. എച്ച്എസ് എന്നീ ബൂത്തുകളിൽ മാത്രമായി ഹൽവ വിതരണം ഒതുങ്ങി.
