ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപൊസിറ്റ് സ്കീം ആക്ട് 2019 (ബഡ്സ്)വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പൊതുജനങ്ങളില്‍ നിന്നും ഗോള്‍ഡ് അഡ്വാന്‍സ് സ്കീമിന്റെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസം ജ്വല്ലറി, മുല്ലയ്ക്കല് ആലപ്പുഴ എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമ/ഉടമകളുടെയും സകലവിധ സ്ഥാവരജംഗമ വസ്തുക്കള്‍ ബഡ്സ് നിയമം 2019 സെക്ഷന്‍ 7(3) പ്രകാരം കോമ്പിറ്റന്റ് അതോറിറ്റി താല്‍ക്കാലികമായി കണ്ടുകെട്ടി ഉത്തരവായിട്ടുണ്ട്. ഈ സ്ഥാപനം പൊതുജനങ്ങളില്‍ നിന്നും ഗോള്‍ഡ് അഡ്വാന്‍സ് സ്ക്രീമിന്റെ പേരില്‍ 365 ദിവസത്തിലധികം കാലാവധിയില്‍ നിക്ഷേപം സ്വീകരിച്ചതിനാല്‍ കമ്പനീസ്(ആക്സപ്റ്റന്‍സ് ഓഫ് ഡെപോസിറ്റ് റൂള്‍സ്), 2014 റൂള്‍ 2(1)(c)(xii) (a) യിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഈ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെയും സ്ഥാപന ഉടമ/ഉടമകളുടെയും ജില്ലയിലുള്ള സകലവിധ സ്ഥാവരജംഗമ വസ്തുക്കള്‍ കണ്ടെത്തുന്നതിനും ഇവയുടെ വിശദമായ പട്ടിക തയ്യാറാക്കി അധികാരപ്പെട്ട ബഡ്സ് കോടതി മുമ്പാകെ ബഡ്സ് നിയമം, 2019 സെക്ഷന്‍ 14 പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിനും കോമ്പിറ്റന്റ് അതോറിറ്റിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോമ്പിറ്റന്റ് അതോറിറ്റിയുടെ താല്‍ക്കാലിക കണ്ടുകെട്ടല്‍ ഉത്തരവ് ജില്ലയില്‍ ഫലപ്രദാമയി നടപ്പില്‍ വരുത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല മേധാവിമാരയും മറ്റ് ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവായി.
സ്ഥാപനത്തിന്റെയും സ്ഥാപന ഉടമ/ഉടമകളുടെയും ജില്ലയിലെ സ്ഥാവരജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ (കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി) സ്വീകരിക്കേണ്ടതാണ്. സ്ഥാപനത്തിന്റെ സ്ഥാവര സ്വത്തുക്കളുടെ മഹസ്സര്‍ തയ്യാറാക്കി, ലൊക്കേഷന്‍ സ്കെച്ച്, തണ്ടപ്പേര് പകര്‍പ്പ് എന്നിവ സഹിതം റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവായി. ഇവരുടെ സ്വത്തുക്കളുടെ വില്‍പ്പന/മോര്‍ട്ട്ഗേജ് അല്ലെങ്കില്‍ മറ്റേതങ്കിലും ഇടപാടുകള്‍ മരവിപ്പിക്കേണ്ടതും, നടപടി വിവരം ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്. നടപടിക്കായി കോഴിക്കോട് ജില്ലാ രജിസ്ട്രാറെ ചുമതലപ്പെടുത്തി.
കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ ഈ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ തല്‍സ്ഥിതി വിവരം ജില്ലാ പോലീസ് മേധാവിമാര്‍ (സിറ്റി, റൂറല്‍, കോഴിക്കോട്)റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സ്ഥാപന ഉടമകളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തയ്യാറാക്കി കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിക്ക് അടിയന്തിരമായി കൈമാറേണ്ടതും നടപടി വിവരം ഈ കാര്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്. നടപടിയ്ക്കായി കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി.
സ്ഥാപനത്തിന്റെയോ സ്ഥാപന ഉടമ/ഉടമകളുടെയോ പേരില്‍ ജില്ലയിലെ ബാങ്കുകള്‍/ട്രഷറികള്‍/സഹകരണ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ആരംഭിച്ചിട്ടുള്ള എല്ലാതരം അക്കൗണ്ടുകളും ഫിക്സഡ് ഡിപ്പോസിറ്റുകളും മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ എല്ലാ സ്ഥാപന മേധാവിമാരും അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്. ജില്ലയിലെ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും ഇതു സംബന്ധിച്ചുള്ള അറിയിപ്പ് കോഴിക്കോട് ലീഡ് ബാങ്ക് മാനേജര്‍ നല്‍കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
