Home » Blog » Top News » സമൂഹത്തെ ശക്തിപ്പെടുത്തുന്ന സാമൂഹിക സേവനത്തിന്റെ മികച്ച പാഠങ്ങൾ സൃഷ്ടിക്കാൻ നാഷണൽ സർവീസ് സ്‌കീമിന് കഴിയുന്നു: മന്ത്രി ഡോ. ആർ. ബിന്ദു  
images - 2025-12-17T185331.396

വിവിധ തലങ്ങളിലെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ ശക്തിപ്പെടുത്തുന്ന സാമൂഹിക സേവനത്തിന്റെ മികച്ച പാഠങ്ങൾ സൃഷ്ടിക്കാൻ നാഷണൽ സർവീസ് സ്‌കീമിന് കഴിയുന്നതായി ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. യുവതയുടെ ഊർജവും കഴിവും സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ഗൗരവമേറിയ ആശയത്തിലാണ് എൻഎസ്എസ് രൂപം കൊണ്ടത്. മനസ്സിന്റെയും വ്യക്തിത്വത്തിന്റെയും വളർച്ചയ്ക്ക് നിർണായകമായ സംഭാവനകൾ നൽകാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

 

ജീവിതാവസാനംവരെ മറ്റുള്ളവരോടും സമൂഹത്തോടും ഉത്തരവാദിത്തബോധവും പ്രതിബദ്ധതയും പുലർത്തുന്ന പൗരന്മാരായി വിദ്യാർഥികളെ വളർത്തുന്നതിൽ എൻഎസ്എസിന്റെ പങ്ക് അഭിമാനകരമാണ്. സാമൂഹ്യ സേവനത്തിലൂടെ മറ്റുള്ളവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരാനും മനുഷ്യസ്‌നേഹത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളാനും എൻഎസ്എസ് വിദ്യാർഥികളെ സഹായിക്കുന്നു.

 

എൻഎസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ സപ്തദിന സഹവാസ ക്യാമ്പുകൾ വ്യക്തിത്വവികസനത്തിന് വലിയ സംഭാവനയാണ്. ഒരുമിച്ച് താമസിച്ച് സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ, പരസ്പര ആശയവിനിമയവും സഹകരണവും പങ്കിടലും വിദ്യാർഥികളിൽ വളരുന്നു. ഇന്നത്തെ അണുകുടുംബ സാഹചര്യങ്ങളിൽ കുറയുന്ന പങ്കുവയ്ക്കൽ സംസ്‌കാരം എൻഎസ്എസ് പോലുള്ള സംഘടനകളിലൂടെ ശക്തമാകുന്നതായും മന്ത്രി പറഞ്ഞു.

 

‘അനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരണം’ എന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ആധുനിക കേരളത്തിന്റെ മൂലക്കല്ലാണ്. സമൂഹത്തിന്റെ ഭാഗമായുള്ള ഉത്തരവാദിത്തപരമായ നേതൃത്വമാണ് എൻഎസ്എസ് വളർത്തിയെടുക്കുന്നത്. ലഹരി വിമുക്ത ക്യാമ്പസുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും, സാമൂഹിക-സാമ്പത്തികമായി പിന്നാക്കമായ ഗ്രാമങ്ങൾ ഏറ്റെടുത്ത് അവയുടെ അടിസ്ഥാന സൗകര്യ വികസനവും, ആരോഗ്യകരവും മാലിന്യമുക്തവുമായ ഇടങ്ങൾ രൂപപ്പെടുത്തുന്നതുമെല്ലാം എൻഎസ്എസിന്റെ ശ്രദ്ധേയ ഇടപെടലുകളാണ്.

 

വയോജന പരിപാലനത്തിനായുള്ള ‘സായന്തനം’ പദ്ധതിയിലൂടെയും, ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിലൂടെയും എൻഎസ്എസ് സാമൂഹ്യനീതി ശക്തിപ്പെടുത്തുകയാണ്. ‘സ്‌നേഹാരാമങ്ങൾ’ എന്ന ആശയത്തിലൂടെ നഗരങ്ങളിലും ഗ്രാമങ്ങളിലും മാലിന്യമുക്ത കേന്ദ്രങ്ങൾ സൃഷ്ടിച്ച പ്രവർത്തനം സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ സഹായമായതായും, കേരളത്തിലുടനീളം ഏകദേശം 3000 സ്‌നേഹാരാമങ്ങൾ നിർമിക്കാൻ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.