Home » Blog » kerala Max » സദ്യ മുഴുവൻ നാറുന്നത് പോലെയാണ് ശശികലയെപ്പോലുള്ളവരുടെ ഇടപെടൽ: ശശികലയുടെ ‘ചിക്കൻ മസാല’ പ്രയോഗത്തിന് അബിൻ വർക്കിയുടെ മറുപടി
abin-varkey

ക്ഷേത്രത്തിലെ ഭജനയ്ക്കിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല നടത്തിയ വിമർശനത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. നല്ല ഒന്നാന്തരം സദ്യയുടെ അറ്റത്ത് അല്പം നായകാഷ്ടം വച്ചാൽ സദ്യ മുഴുവൻ നാറുന്നത് പോലെയാണ് ശശികലയെപ്പോലുള്ളവരുടെ ഇടപെടലെന്ന് അബിൻ വർക്കി രൂക്ഷമായി പരിഹസിച്ചു.

“ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്” എന്ന ശശികലയുടെ പരാമർശത്തെയാണ് അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരിട്ടത്. ക്ഷേത്രക്കമ്മിറ്റിക്കോ അവിടെയിരുന്ന ഭക്തർക്കോ പാട്ടിൽ പരാതിയില്ല. പിന്നെയെന്തിനാണ് പുറത്തുനിന്നുള്ളവർ കുത്തിത്തിരിപ്പിന് വരുന്നത്. പള്ളിപ്പെരുന്നാളുകളിൽ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന പാട്ട് കേൾക്കാറുണ്ട്. അതുപോലെ ക്ഷേത്രങ്ങളിലെ ഗാനമേളകളിൽ ‘യിസ്രയേലിൻ നാഥനായി’ എന്ന ഗാനവും മാപ്പിളപ്പാട്ടുകളും സർവ്വസാധാരണമാണ്.

പത്തുകൊല്ലം മുൻപ് വരെ പാട്ടിൽ മതം തിരയുന്ന സ്വഭാവം മലയാളിക്കില്ലായിരുന്നു. മനോഹരമായ ഒരു സദ്യയെ നാറ്റിക്കുന്ന അവസ്ഥയാണ് ഇത്തരം വർഗീയ പരാമർശങ്ങൾ ഉണ്ടാക്കുന്നതെന്നും അബിൻ വർക്കി കുറിച്ചു. കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ‘ഈ പരദേവനഹോ’ എന്ന ഗാനം ആലപിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവൃത്തികളെന്നുമായിരുന്നു ശശികലയുടെ മുന്നറിയിപ്പ്.