Home » Blog » Kerala » സച്ചിന്റെ റെക്കോർഡും പഴങ്കഥയാകും! 15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് വൈഭവ്; അയർലൻഡ് പരമ്പരയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത.
images - 2026-04-17T182847.167

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വൻ വിസ്മയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൗമാരതാരം വൈഭവ് സൂര്യവൻഷി ദേശീയ ടീമിലേക്ക്. ഐപിഎല്ലിന് ശേഷം നടക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ വൈഭവിനെ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ബിസിസിഐ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ താരം ഇടംപിടിച്ചതോടെ, സച്ചിൻ ടെണ്ടുൽക്കറുടെ ദശാബ്ദങ്ങൾ പഴക്കമുള്ള റെക്കോര്‍ഡ് തകരും.

പതിനാറാം വയസ്സിലായിരുന്നു സച്ചിൻ ടെണ്ടുൽക്കറുടെ അന്താരാഷ്ട്ര അരങ്ങേറ്റം. എന്നാൽ കഴിഞ്ഞ മാസം 15 വയസ്സ് പൂർത്തിയായ വൈഭവ് അയർലൻഡിനെതിരെ കളത്തിലിറങ്ങിയാൽ, ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതി വൈഭവിന് സ്വന്തമാകും. ഐപിഎല്ലിൽ നിലവിൽ തകർപ്പൻ ഫോമിലാണ് താരം. ബംഗളൂരുവിനെതിരെ 26 പന്തിൽ 78 റൺസും, ചെന്നൈക്കെതിരെ 17 പന്തിൽ 52 റൺസും നേടി വൈഭവ് ഏവരെയും ഞെട്ടിച്ചിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ലോകത്തെ ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറയുടെ ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയാണ് വൈഭവ് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

വൈഭവ് ടീമിലെത്തിയാൽ സഞ്ജു സാംസണൊപ്പം താരം ഓപ്പണിംഗിൽ ഇറങ്ങാനാണ് സാധ്യത. ടി20 ലോകകപ്പിലെ മിന്നും പ്രകടനവും ഐപിഎല്ലിലെ സെഞ്ച്വറിയും സഞ്ജുവിന്റെ സ്ഥാനം ഉറപ്പിക്കുന്നുണ്ടെങ്കിലും, മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മയ്ക്ക് വൈഭവിന്റെ വരവ് ഭീഷണിയായേക്കാം. യുവതാരങ്ങളുടെ കടന്നുവരവ് ടീമിലെ സീനിയർ താരങ്ങളുടെ സ്ഥാനത്തിനും ഇളക്കം തട്ടിക്കുന്നുണ്ട്. ലോകകപ്പിലെ സൂര്യകുമാറിന്റെ ശരാശരി പ്രകടനം കണക്കിലെടുത്ത് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാൻ സെലക്ഷൻ കമ്മിറ്റി തയ്യാറായേക്കും. അയർലൻഡ് പര്യടനത്തിനുള്ള ഔദ്യോഗിക ടീം പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.