Home » Blog » Kerala » സംസ്ഥാന സർക്കാർ സൗജന്യ ചികിത്സക്കായി ചെലവഴിച്ചത് 1600 കോടി രൂപ -മന്ത്രി വീണാ ജോർജ്ജ്

 

കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച മാതൃ ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

 

സംസ്ഥാന സർക്കാർ ജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 1600 കോടി രൂപ ചെലവഴിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച മാതൃ ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

ഒരു നയം ആവിഷ്കരിക്കുകയും അത് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുക എന്നുള്ളതാണ് സർക്കാരിൻ്റെ ഉത്തരവാദിത്വം. അത്തരത്തിൽ സർക്കാരിൻ്റെ നയമാണ് ആർദ്രം മിഷൻ. രോഗത്തിൻ്റെ മുന്നിൽ ഒരാൾ പോലും നിസ്സഹായരായി പോകാതെ ചികിത്സ എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് ഈ മിഷൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

 

സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ 3000-ത്തോളം ഡയാലിസിസ്, 200 ആൻജിയോപ്ലാസ്റ്റികൾ എന്നിവ നടക്കുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകൾ സാധ്യമാക്കി. ആധുനിക ചികിത്സ, സ്ട്രോക്ക് യൂണിറ്റുകൾ, റോബോട്ടിക് സർജറി, കാൻസർ ചികിത്സാരംഗത്ത് നൂതനമായ ഗവേഷണങ്ങൾ, കാർടിസെൽ തെറാപ്പി, ലക്ഷക്കണക്കിന് ചെലവ് വരുന്ന മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ, ലിവർ ട്രാൻസ്പ്ലാന്റേഷൻ, അഞ്ച് വയസ്സു വരെയുളള കുട്ടികൾക്ക് സ്പൈനൽ മസ്കുലാർ അട്രോഫി പോലുള്ള അപൂർവ്വ രോഗങ്ങൾക്ക് സൗജന്യ ചികിത്സ തുടങ്ങി നിരവധിയായ നേട്ടങ്ങൾ സർക്കാർ ആശുപത്രികളിൽ സാധ്യമാക്കാൻ സാധിച്ചെന്നും മന്ത്രി കൂട്ടിചേർത്തു.

 

ഗർഭിണികൾക്കും കുട്ടികൾക്കും ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 285.31 കോടി രൂപ ചെലവിൽ 8.27 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ 850 കിടക്കകളുള്ള പുതിയ ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്.

 

ഉന്നത നിലവാരത്തിലുള്ള ആധുനിക രോഗനിർണയ സംവിധാനങ്ങൾ ഉൾപ്പെടുന്ന മാതൃ ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ഐ.സി.എം ആറിൽ നിന്നും ഒരു കോടി 97 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ലെവൽ 2 വൈറോളജി ടെസ്റ്റിംഗിന് പര്യാപ്തമായ മൈക്രോബയോളജി ലാബ്, ഹെൽത്ത് ഹബ്ബിൻ്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടുകോടി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച 12 പേ വാർഡുകൾ, ത്വക്ക് രോഗ വിഭാഗത്തിന് കീഴിൽ അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടുത്തി ബി.പി.സി.എൽ ൻ്റെ സഹകരണത്തോടെ സജ്ജീകരിച്ച കോസ്മെറ്റോളജി ക്ലിനിക്, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടുകോടി ചെലവഴിച്ച് നിർമ്മിച്ച മൾട്ടിപാർക്കിംഗ് ഷെഡ്, ആരോഗ്യ കുടുംബക്ഷമ വകുപ്പിന്റെ 2023 – 24 പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി 15 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച അക്കാദമിക് ബ്ലോക്ക് ലിഫ്റ്റ് എന്നിവയുടെ ഉദ്ഘാടനവും, 2024- 2025 പ്ലാൻ ഫണ്ടിൽ നിന്നും 3 കോടി 67 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ബി.എം. ബി.സി. നിലവാരത്തിലുള്ള റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും ആണ് ചടങ്ങിൽ നടന്നത്.

 

ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനായി. ഇടുക്കി – കട്ടപ്പന റൂട്ടിൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പുതുതായി സർവീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി.ബസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളുടെ ഫലക അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.

 

ഏലൂർ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഇൻകെൽ എം ഡി ഡോ. കെ. ഇളങ്കോവൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർഷാ, സി സി ആർ സി ഡയറക്ടർ ഡോ. പി ജി ബാലഗോപാൽ, കളമശ്ശേരി മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് എം. ഗണേഷ് മോഹൻ, പ്രിൻസിപ്പാൾ എസ്. എസ് മിനി, വൈസ് പ്രിൻസിപ്പാൾ പി. അനിൽകുമാർ, കളമശ്ശേരി നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു